എംഎസ് ധോണിയുടെ സിനിമാ നിർമാണക്കമ്പനിയായ ധോണി എന്റര്ടെയ്ന്മെന്റ്സ് നിർമിക്കുന്ന ആദ്യ ചിത്രം ‘എൽജിഎം’ (‘ലെറ്റ്സ് ഗെറ്റ് മാരീഡ്) റിലീസ് ചെയ്തു. ഹരീഷ് കല്യാൺ, ഇവാന (അലീന ഷാജി) എന്നിവർ പ്രധാവേഷത്തിലെത്തുന്ന ചിത്രം രമേഷ് തമിൽമണി ആണ് സംവിധാനം ചെയ്യുന്നത്. ധോണിയുടെ ഭാര്യ സാക്ഷി സിങ് റാവത്താണ് പ്രൊഡക്ഷൻ കമ്പനിയുടെ മാനേജിങ് ഡയറക്ടർ.
ഇപ്പോഴിതാ ആദ്യമായി നിർമിച്ച സിനിമ പ്രേക്ഷകർക്കൊപ്പം കാണാൻ സാക്ഷി സിങ് ചെന്നൈയിലെ തിയറ്ററിൽ എത്തിയ ചിത്രങ്ങളാണ് വൈറലാവുന്നത്. ഹരീഷ് കല്യാണിനും ഇവാനയ്ക്കുമൊപ്പമാണ് എൽജിഎം ആദ്യ ഷോ കാണാൻ സാക്ഷി തിയറ്ററിലെത്തിയത്. നദിയ മൊയ്തു, യോഗി ബാബു, ആർജെ വിജയ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ലവ് ടുഡേ എന്ന ചിത്രത്തിനുശേഷം മലയാളിയായ ഇവാന നായികയായി എത്തുന്ന ചിത്രം കൂടിയാണിത്.