സിനിമാതാരം എന്നതിനപ്പുറത്തേയ്ക്ക് നല്ലൊരു കുടുംബനാഥൻ കൂടിയാണ് താനെന്ന് പലതവണ തെളിയിച്ചയാളാണ് സൂപ്പർ സ്റ്റാർ രജനികാന്ത്. ഷൂട്ടിങ് തിരക്കുകൾക്ക് ശേഷം മറ്റെവിടെയും പോകാതെ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്ന താരത്തിന്റെ വിശേഷങ്ങളെല്ലാം ഇതിനോടകം വാർത്തയായിട്ടുമുണ്ട്. ഇപ്പോൾ കൊച്ചുമകനെ സ്കൂളിൽ വിടാൻ എത്തിയ താരത്തിന്റെ ചിത്രങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നത്.
സ്കൂളിൽ പോകില്ലെന്ന് വാശിപിടിച്ച് കരയുന്ന കൊച്ചുമകനെ സ്കൂളിൽ വിടാൻ അപ്പൂപ്പന്റെ ഡ്യൂട്ടി ഏറ്റെടുത്തതായിരുന്നു രജനികാന്ത്. കൊച്ചുമകനെ സ്കൂളിൽ പോകാൻ റെഡിയാക്കുകയും കൈപിടിച്ച് ക്ലാസ് മുറി വരെ കൊണ്ടുവിടുകയും ചെയ്തു താരം. സ്കൂളിലേയ്ക്കുള്ള താരത്തിന്റെ അപ്രതീക്ഷിത വരവ് സ്കൂൾ അധികൃതരെയും വിദ്യാർത്ഥികളെയും ഒരുപോലെ ഞെട്ടിച്ചു. ഇതിന്റെ ചിത്രങ്ങൾ താരത്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനികാന്താണ് ആരാധകരുമായി പങ്കിട്ടത്.
“ഇന്ന് രാവിലെ എൻ്റെ മകന് സ്കൂളിൽ പോവാൻ മടി. അപ്പോൾ അവൻ്റെ പ്രിയപ്പെട്ട സൂപ്പർ ഹീറോ താത്ത തന്നെ അവനെ സ്കൂളിലേക്ക് കൂട്ടികൊണ്ടുപോയി. അപ്പാ, എല്ലാ റോളുകളിലും നിങ്ങളാണ് ഏറ്റവും ബെസ്റ്റ്, അത് ഓഫ് സ്ക്രീനിൽ ആയാലും ഓൺ സ്ക്രീനിലായാലും” എന്ന് കുറിച്ചാണ് സൗന്ദര്യ ചിത്രങ്ങൾ പങ്കുവെച്ചത്. അധികംവൈകാതെ അവ വൈറലാകുകയും ചെയ്തു. സൗന്ദര്യയുടെയും നടനും ബിസിനസുകാരനുമായ വിശാഖൻ വണങ്കാമുടിയുടേയും മകൻ വേദ് ആണ് കഥയിലെ താരം.