തെന്നിന്ത്യയിലെ സിനിമാ ആരാധകരുടെ പ്രിയ താരമാണ് പ്രിയാമണി. മലയാളിയാണെങ്കിലും വിവിധ ഭാഷകളിലെ സിനിമകളിൽ അഭിനയിച്ച് പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട് താരം. പരുത്തിവീരൻ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം നേടിയ പ്രിയ ജവാൻ എന്ന ചിത്രത്തിലൂടെ ഹിന്ദിയിലും തന്റേതായ സ്ഥാനം നേടിയെടുത്തു. ഇപ്പോൾ താരം നടത്തിയ ഒരു പ്രസ്താവനയാണ് ചലച്ചിത്ര ലോകത്തെ ചർച്ചാ വിഷയം. തന്നെ തമിഴിലേയും തെലുങ്കിലേയും മുൻനിര താരങ്ങൾക്കൊപ്പം അഭിനയിപ്പിക്കുന്നില്ലെന്നാണ് പ്രിയ തുറന്നുപറഞ്ഞത്.
“തമിഴിലേയും തെലുങ്കിലേയും മുൻനിര താരങ്ങൾക്കൊപ്പം എന്നെ അഭിനയിപ്പിക്കുന്നില്ല. എല്ലാ ബഹുമാനത്തോടെയും പറയട്ടെ, ആരെയും കുറ്റപ്പെടുത്താനല്ല ഞാൻ ശ്രമിക്കുന്നത്. എൻ്റെ പ്രകടനം സഹഅഭിനേതാക്കളേക്കാൾ മികച്ചുനിൽക്കും എന്നുള്ളതുകൊണ്ടാണ് എനിക്ക് അവസരം നൽകാത്തതെന്ന് പലരും പറഞ്ഞിട്ടുണ്ട്. ഇക്കാര്യമാണ് സ്ഥിരം കേൾക്കുന്നത്. ഇത് ശരിയല്ലെങ്കിലും അവസരം നിഷേധിക്കുന്നതിന് പിന്നിലെ യഥാർത്ഥ കാരണം അറിയില്ല. പക്ഷേ കുഴപ്പമില്ല, ഞാൻ വളരെ സന്തോഷവതിയാണ്.
ഒരിക്കലും വിശ്വസിക്കാത്ത കാര്യം നമ്പർകൊണ്ടുള്ള കളിയാണ്. മറ്റുള്ളവരുടെ കണ്ണിൽപ്പെടണമെങ്കിൽ മുൻനിര നായകന്മാർക്കൊപ്പം തന്നെ അഭിനയിക്കണമെന്ന ചിന്താഗതിക്കാരിയല്ല. അങ്ങനെ ചെയ്യുമ്പോൾ അതിന്റേതായ ഗുണമുണ്ടാവുമെന്ന് മാത്രം. പ്രധാന നടന്മാർക്കൊപ്പം അഭിനയിക്കാൻ വിളിക്കാത്തതിൽ സങ്കടം തോന്നിയിട്ടുണ്ട്” എന്നും പ്രിയാമണി വ്യക്തമാക്കി. അജയ് ദേവ്ഗൺ നായകനാവുന്ന മൈതാൻ ആണ് പ്രിയാമണിയുടേതായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം.