ഓസ്കറിൽ ഒറിജിനൽ സോങ് വിഭാഗത്തിൽ പുരസ്കാരം നേടിയ നാട്ടു നാട്ടു ഇന്ത്യയ്ക്ക് അഭിമാനമാകുന്നു. മികച്ച ഡോക്യുമെൻ്ററി ഹ്രസ്വചിത്ര വിഭാഗത്തിൽ ‘ദ് എലിഫൻ്റ് വിസ്പറേഴ്സ്’ പുരസ്കാരം നേടി. കാര്‍ത്തികി ഗോള്‍സാല്‍വേസ് സംവിധാനം ചെയ്ത ഡോക്യുമെൻ്ററി ഹ്രസ്വചിത്രമാണ് ‘ദ് എലിഫൻ്റ് വിസ്പറേഴ്സ്’, ഗുനീത് മോങ്ക നിർമിച്ച ചിത്രത്തിലൂടെ ഓസ്കറിൽ പുതുചരിത്രം എഴുതുകയാണ് ഇന്ത്യ.
ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു’ ഗാനത്തിനുള്ള പുരസ്കാരം സംഗീതസംവിധായകന്‍ എം.എം.കീരവാണിയും രചയിതാവ് ചന്ദ്രബോസും പുരസ്കാരം ഏറ്റുവാങ്ങി. ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനും ക്രിട്ടിക്സ് ചോയ്സ് അവാർഡിനും പിന്നാലെയാണ് ഓസ്കര്‍ നേട്ടം. ലേഡി ഗാഗ, റിഹാന എന്നിവര്‍ക്കൊപ്പം മത്സരിച്ചാണ് നാട്ടു നാട്ടുവിൻ്റെ നേട്ടം.
എസ്.എസ്.രാജമൗലി സംവിധാനം ചെയ്ത തെലുങ്കു ചിത്രം ആർആർആറിൽ ചന്ദ്രബോസ് എഴുതി എം.എം.കീരവാണി ഈണമിട്ട ഗാനം ഗായകരായ രാഹുൽ സിപ്ലിഗുഞ്ജും കാലഭൈരവയും ചേർന്ന് ഓസ്കർ വേദിയിൽ അവതരിപ്പിച്ചിരുന്നു. ദീപിക പദുകോൺ ഗാനം കാണികൾക്ക് മുന്നിൽ പരിചയപ്പെടുത്തി. ഇതു രണ്ടാം തവണയാണ് ഇന്ത്യൻ ഗാനം ഓസ്കറിന് തിരഞ്ഞെടുക്കപ്പെടുന്നത്. സ്ലംഡോഗ് മില്യനയർ ചിത്രത്തിൽ എ.ആർ. റഹ്മാൻ സംഗീതം നൽകിയ ലോകപ്രസിദ്ധ ഗാനം ‘ജയ് ഹോ’ 2009 ലെ ഓസ്കർ ചടങ്ങിൽ അവതരിപ്പിച്ചിരുന്നു.
തൊണ്ണൂറ്റിയഞ്ചാം ഓസ്കര്‍ വേദിയിൽ ഇന്ത്യന്‍ വസ്ത്രങ്ങൾ അണിഞ്ഞാണ് ആര്‍.ആര്‍.ആര്‍ സംഘമെത്തിയത്. സംവിധായകന്‍ എസ്.എസ് രാജമൗലി, ജൂനിയര്‍ എന്‍.ടി.ആര്‍, രാം ചരണ്‍, കാല ഭൈരവ, രാഹുല്‍ സിപ്ലിഗഞ്ച്, കൊറിയോഗ്രാഫര്‍ പ്രേം രക്ഷിത് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
ഓസ്കറിൽ മികച്ച നടനായി ബ്രെൻഡൻ ഫ്രേസർ തിരഞ്ഞെടുക്കപ്പെട്ടു. ചിത്രം: ദ് വെയ്ൽ. മികച്ച നടി മിഷേൽ യോ. എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. മികച്ച നടിയാകുന്ന ആദ്യ ഏഷ്യൻ വനിതയാണ് മിഷേൽ യോ. മികച്ച ചിത്രമായി എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ് തിരഞ്ഞെടുക്കപ്പെട്ടു. 7 പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ചിത്രത്തിന് മികച്ച സംവിധായകനുള്ള പുരസ്കാരവും ലഭിച്ചു. മികച്ച ഒറിജിനൽ സ്കോർ, മികച്ച പ്രൊഡക‌്‌ഷൻ ഡിസൈൻ, മികച്ച ഇന്റർനാഷനൽ ഫീച്ചർ ഫിലിം, മികച്ച ഛായാഗ്രഹണം എന്നീ വിഭാഗങ്ങളിൽ പുരസ്കാരങ്ങളുമായി ജെർമൻ ചിത്രമായ ‘ഓൾ ക്വയറ്റ് ഓൺ ദ് വെസ്റ്റേൺ ഫ്രൻ്റും’ തിളങ്ങി.
ജെയ്മീ ലീ കർട്ടിസ് ആണ് മികച്ച സഹനടി. കീ ഹ്യൂയ് ക്വാൻ മികച്ച സഹനടനുള്ള ഓസ്കർ നേടി. ജെയിംസ് ഫ്രണ്ട് മികച്ച ഛായാഗ്രാഹകൻ. മികച്ച ഡോക്യുമെന്ററി ഫീച്ചർ ഫിലിം വിഭാഗത്തിൽ ഇന്ത്യയുടെ ‘ഓൾ ദാറ്റ് ബ്രെത്ത്സി’ന് പുരസ്കാരം നഷ്ടമായി. ഡാനിയൽ റോഹർ, ഒഡെസ്സാ റേ, ഡയന്‍ ബെക്കർ, മെലാനി മില്ലർ, ഷെയ്ൻ ബോറിസ് എന്നിവരുടെ ‘നവല്‍നി’ ആണ് ഈ വിഭാഗത്തിൽ പുരസ്കാരം സ്വന്തമാക്കിയത്.