കുവൈത്തിൽ ഗാർഹിക തൊഴിലാളികൾക്ക് സ്വകാര്യ മേഖലയിലേയ്ക്ക് വിസ ട്രാൻസ്‌ഫർ ചെയ്യാൻ സുവർണാവസരം. രണ്ട് മാസത്തേക്കായിരിക്കും വിസ മാറുവാനുള്ള നിരോധനം രാജ്യത്ത് നീക്കുക. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അസ്സബാഹിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനം.
ഡയറക്ടർ ബോർഡ് യോഗത്തിലെ തീരുമാനം നടപ്പാക്കാൻ മാൻപവർ അതോറിറ്റിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രാജ്യത്തെ തൊഴിൽ വിപണിയുടെ വർധിച്ച ആവശ്യങ്ങൾ പരിഗണിച്ചാണ് നടപടിയെന്നാണ് സൂചന.
നിലവിൽ കുവൈത്തിലെ ഗാർഹിക മേഖലയിൽ ജോലി ചെയ്യുന്നവരിൽ 45 ശതമാനവും ഇന്ത്യക്കാരാണെന്നാണ് റിപ്പോർട്ട്. അതിനാൽ ഈ സാഹചര്യത്തിൽ പുതിയ തീരുമാനം നടപ്പിലാകുന്നത് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് വലിയ ആശ്വാസമാകുമെന്ന കാര്യത്തിൽ സംശയമില്ല.