മലബാർ കല്യാണത്തിൻ്റ കഥയും സംസ്കാരവും വ്യക്തമാക്കുന്ന ‘സുലൈഖ മൻസിൽ’ എന്ന ചിത്രത്തിന് ഗൾഫ് മേഖലയിലും മികച്ച പ്രേക്ഷക പ്രതികരണം. ഭീമൻ്റെ വഴി എന്ന ചിത്രത്തിന് ശേഷം അഷ്‌റഫ് ഹംസ തിരക്കഥയെഴുതി സംവിധാനം ചെയ്ത മലയാളം ചിത്രം കഴിഞ്ഞ ഏപ്രിൽ 21-നാണ് തിയേറ്ററുകളിലെത്തിയത്. കോമഡി, റൊമാൻസ്, ഡ്രാമ എന്നിവയുടെ സമന്വയമാണ് സിനിമ.
സിനിമയുടെ പ്രചരണാർത്ഥം അണിയറപ്രവർത്തകർ ദുബായിലുമെത്തി. നേരത്തെ സിനിമയുടെ ചില പ്രധാന ഭാഗങ്ങൾ യുഎഇയിൽ ചിത്രീകരിച്ചിരുന്നു. ലുക്മാൻ അവറാൻ, അനാർക്കലി മരിക്കാർ, ചെമ്പൻ വിനോദ്, ജോസ് എന്നിവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയ്ക്ക് ഇതിനകം മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. പ്രവാസികളെ സംബന്ധിച്ച് ഗൃഹാതുരത്വ സ്മരണകൾ ഉണർത്തുന്ന താണ് ചിത്രമെന്ന് സംവിധായനും പ്രതികരിച്ചു.
ചെമ്പൻ വിനോദിന്‍റെ ചെമ്പോസ്കി മോഷൻ പിക്ചേഴ്സാണ് സിനിമയുടെ നിർമ്മാണം. അതേസമയം ഓരോ സിനിമയിലെയും കഥാപാത്രത്തെ വ്യത്യസ്തമാക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് നടൻ ലുക്മാൻ അവറാൻ പറഞ്ഞു. ചിത്രത്തിലെ മറ്റ് അഭിനേതാക്കളായ അനാർക്കലി മരിക്കാര്‍, അമൽഡ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
മിഡിൽ ഈസ്റ്റ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന 974 ഇവന്‍റ്സാണ് സിനിമയുടെ പ്രമോഷൻ ഏറ്റെടുത്തിട്ടുളളത്. ചൊവ്വാഴ്ച സൗദി ദമാം ലുലു ഹൈപ്പർമാർക്കറ്റിലും 26ന് റിയാദ് അവന്യൂ മാളിലും 28ന് ഖത്തർ ദോഹ അബു സിദ്ര മാളിലും സിനിമയുടെ പ്രമോഷൻ പരിപാടികൾ നടക്കുമെന്ന് 974 ഇവന്‍റ്സ് മിഡിലീസ്റ്റ് ഓപറേഷൻ ഡയറക്ടർ മുഹമ്മദ് റസ്സൽ, ലണ്ടൻ ഡയറക്ടർ ഫൈസൽ നാലകത്ത്, കമ്യൂണിക്കേഷൻ ഡയറക്ടർ നിഷാദ് ഗുരുവായൂർ എന്നിവർ അറിയിച്ചു.