‘ന്നാ താൻ കേസ് കൊട്’ എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ പേരങ്ങ് പ്രശസ്തമായി. കാരണമുണ്ട്, ‘തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്ന് തലക്കെട്ട് എഴുതിയ പോസ്റ്റാണ് ട്രോളുകൾക്കും വിമർശനനങ്ങൾക്കും വഴിയൊരുക്കിയത്. തിയറ്റർ ലിസ്റ്റ് പങ്കുവച്ചുള്ള പോസ്റ്റർ പുറത്തുവന്നതോടെ ഇടതുപക്ഷ അനുകൂലികൾ വിമർശനവുമായി രംഗത്തെത്തുകയും ചെയ്തു.
രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ പുതിയ സിനിമയാണ് ‘ന്നാ താൻ കേസ് കൊട്’.
‘തീയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട് എന്നാലും വന്നേക്കണേ’ എന്ന പരസ്യവാചകത്തിനൊപ്പമാണ് ന്നാ താൻ കേസ് കൊട് എന്ന സിനിമയുടെ പത്രപരസ്യം നൽകിയത്. പരസ്യം വളരെ പെട്ടെന്ന് തന്നെ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയതോടെ വിമർശനങ്ങൾ അനുകൂലിച്ചും പ്രതികൂലിച്ചും പോസ്റ്റുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യൽ മീഡിയ.
സിനിമയുടെ പ്രമേയം തന്നെ റോഡിലെ കുഴിയുമായി ബന്ധപ്പെട്ടതാണ്. ട്രെയിലറിലുടനീളം അത് വ്യക്തമാണ് താനും. രാഷ്ട്രീയക്കാരെയും പൊതു ജനങ്ങളെയും വിമർശിക്കുന്ന കഥാവഴികളിലൂടെയാണ് ചിത്രം പോകുന്നതെന്ന് ട്രെയിലറിൽ നിന്നും വ്യക്തമാണ്. നിലവിലെ സിനിമക്ക് നേരെ ഉള്ള സൈബർ അക്രമണവുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിൽ നിന്നുള്ളവരും രാഷ്ട്രീയ പ്രവർത്തകരും പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്.
നന്മകളെ മാത്രം ഫോക്കസ് ചെയ്യാനും ചിത്രത്തിന്റെ പരസ്യത്തിനപ്പുറം സിനിമയുടെ ഉള്ളടക്കത്തെയാണ് മാനിക്കേണ്ടതെന്നും നായകൻ കുഞ്ചാക്കോ ബോബൻ പ്രതികരിച്ചു. സത്യം മനസിലാക്കി മാത്രം പ്രതികരിക്കുക. നെഗറ്റിവിറ്റി പടർത്താതിരിക്കുകയെന്നാണ് കുഞ്ചാക്കോ ബോബൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.
ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി പുരപ്പുറത്ത് കയറി വാദിക്കുന്നവരാണ് ന്നാ താൻ കേസ് കൊട് സിനിമക്കെതിരെ സൈബർ ആക്രമണം നടത്തുന്നതെന്നും സൈബർ ആക്രമണം ഉണ്ടായാൽ സിനിമ കൂടുതൽ പേർ കാണും എന്നത് മാത്രമാണ് സംഭവിക്കാൻ പോകുന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു.
കഴിഞ്ഞ ഒരാഴ്ചയായി കോടതിയും സംസ്ഥാനസർക്കാറിനോട് ഇത് തന്നെ ചോദിച്ചപ്പോൾ പ്രതികരിക്കാത്തവരാണ് സിനിമ പോസ്റ്ററിൽ കണ്ടപ്പോൾ സിനിമ ബഹിഷ്കരിക്കാൻ ഒരുങ്ങുന്നതെന്നതാണ് സത്യം. ‘പശവെച്ചാണോ റോഡിലെ കുഴികൾ അടയ്ക്കുന്നത്?’ എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.
കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം ‘ന്നാ താൻ കേസ് കൊട്’ ഇന്ന് തിയറ്ററുകളിൽ എത്തിയതോടെ മികച്ച പ്രതികരണമാണ് ഉയരുന്നത്. സന്തോഷ് ടി കുരുവിളയാണ് നിർമ്മാണം. രാകേഷ് ഹരിദാസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.