രണ്ട് സിനിമകൾക്ക് കുവൈറ്റിൽ നിരോധനം ഏർപ്പെടുത്തി. സ്വവർഗരതിയെ പ്രോത്സാഹിപ്പിക്കുന്ന‘ബാർബി’യും ട്രാൻസ്ജെൻഡർ നടനെ അവതരിപ്പിക്കുന്ന ഹൊറർ സിനിമയായ ‘ടോക്ക് ടു മീ’ എന്നീ രണ്ട് ചിത്രങ്ങൾക്കാണ് വിലക്ക് ഏർപ്പെടുത്തിയത്. പൊതു ധാർമികതയെക്കുറിച്ചുള്ള ആശങ്കകളുടെ പേരിലാണ് നിരോധനം. ഇരു ചിത്രങ്ങളും സമൂഹത്തിനും പൊതുക്രമത്തിനും അന്യമായ ആശയങ്ങളും വിശ്വാസങ്ങളും പ്രചരിപ്പിക്കുന്നു എന്ന് കണ്ടെത്തിയതിനാലാണ് നിരോധനമെന്ന് വൈറ്റ് സിനിമ സെൻസർഷിപ് കമ്മിറ്റി മേധാവി ലാഫി അൽ സുബെയ് പറഞ്ഞു.
അതേസമയം വിദേശ സിനിമകൾ പ്രദർശിപ്പിക്കുമ്പോൾ പൊതു ധാർമികതയ്ക്ക് വിരുദ്ധമായ രംഗങ്ങൾ സെൻസർ ചെയ്യാൻ കമ്മിറ്റി ഉത്തരവിടാറുണ്ട്. എന്നാൽ ഒരു സിനിമ പ്രത്യേക ആശയങ്ങളോ സന്ദേശങ്ങളോ അസ്വീകാര്യമായ പെരുമാറ്റമോ ഉൾക്കൊള്ളുന്നുവെങ്കിൽ സിനിമ മുഴുവനായും തടയാൻ കമ്മിറ്റി തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വവർഗരതിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ പേരിൽ ലബനാനിലും ബാർബിയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
യു എ ഇ, കുവൈറ്റ്, സൗദി അറേബ്യ എന്നിവ ഉൾപ്പെടെയുള്ള ഗൾഫ്-അറബ് രാജ്യങ്ങൾ എല്ലാം പൊതു ധാർമികതയ്ക്ക് നിരക്കാത്ത സിനിമകൾ സെൻസർ ചെയ്യുന്നത് പതിവാണ്. അടുത്തിടെയായി ട്രാൻസ്ജെൻഡർ പതാക ഉൾപ്പെടുന്ന രംഗത്തിന്റെ പേരിൽ സ്പൈഡർ മാൻ ആനിമേഷൻ സിനിമയ്ക്കും ചില അറബ് രാജ്യങ്ങളിൽ നിരോധിച്ചിരുന്നു.