ലോകകപ്പിൽ ഇംഗ്ളണ്ടിനെതിരായ ആദ്യ മത്സരത്തിനു മുൻപ് സ്റ്റേഡിയത്തിൽ ദേശീയ ഗാനം ആലപിക്കാതെ ഇറാൻ ടീം. ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ദേശീയ ഗാനം ആലപിക്കുന്നതിൽ നിന്നും ഇറാൻ ടീം വിട്ടു നിന്നത്.
ദോഹയിലെ ഖലീഫ ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ ഇറാൻ്റെ ദേശീയ ഗാനം മുഴങ്ങിയപ്പോൾ ടീം അംഗങ്ങൾ ഒന്നടങ്കം ദേശീയ ഗാനം ആലപിക്കാതെ മൗനമായി നിൽക്കുകയാണുണ്ടായത്. എല്ലാവരും ഒരുമിച്ചെടുത്ത തീരുമാനമാണിതെന്ന് ഇറാൻ ക്യാപ്റ്റൻ അലിറിസാ ജഹാൻ ബാഖ്ഷ് പ്രതികരിച്ചു.
ഹിജാബ് കൃത്യമായി ധരിച്ചില്ലെന്നാരോപിച്ച് മതപോലീസ് കസ്റ്റഡിയിലെടുത്ത് ക്രൂര മർദനത്തിനിരയായി മരിച്ച മെഹ്സാ അമീനി എന്ന ഇരുപത്തി രണ്ടുകാരിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇറാനിൽ പ്രതിഷേധങ്ങള്‍ ആളിക്കത്തുകയാണ്. പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദേശീയ ഗാനം ആലപിക്കില്ലെന്നും വിജയം ആഘോഷിക്കില്ലെന്നും ഇറാൻ കായിക താരങ്ങൾ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.