ജീവിതത്തിലെ പ്രണയങ്ങൾക്കൊണ്ട് ഏറെ വിമർശനം നേരിടുന്ന സംഗീത സംവിധായകനാണ് ഗോപി സുന്ദർ. തന്റെ പിറന്നാൾ ആഘോഷത്തിന്റെ വിശേഷങ്ങൾ പങ്കിട്ടുകൊണ്ട് എത്തിയ താരം വീണ്ടും വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ്. പ്രിയസുഹൃത്ത് മയോനി എന്ന പ്രിയ നായർക്കൊപ്പമുള്ള മനോഹര ചിത്രം പങ്കു വച്ചുകൊണ്ടാണ് ഗോപിയുടെ സമൂഹമാധ്യമ പോസ്റ്റ്. ‘എന്റെ എക്കാലത്തെയും മികച്ച ജന്മദിനം’ എന്നാണ് ഗോപി സുന്ദർ ചിത്രത്തിനു നൽകിയ അടിക്കുറിപ്പ്.
ഡസ്റ്റി ലാവൻഡർ നിറത്തിലുള്ള കുർത്തയണിഞ്ഞ് ഗോപി സുന്ദറും കേരള സാരി ധരിച്ചുകൊണ്ടുള്ള മയോനിയെയുമാണ് ചിത്രത്തിൽ കാണുന്നത്. ഇരുവരുടെയും കേരളത്തനിമ നിറയുന്ന ചിത്രം ഇതിനകം ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. കമന്റ് ബോക്സ് ഓഫ് ചെയ്താണ് ഗോപി സുന്ദർ ചിത്രം പോസ്റ്റ് ചെയ്തത്.
മയോനിയും ഗോപി സുന്ദറും പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ നേരത്തേ തന്നെ വന്നിരുന്നു. മയോനിയെ ചേർത്തുപിടിച്ചുള്ള ചിത്രങ്ങൾ ഗോപി സുന്ദർ പങ്കുവച്ചതോടെയാണ് അത്തരത്തിലുള്ള വാർത്തകൾ തലപൊക്കിയത്. ഗോപി സുന്ദറിനെക്കുറിച്ചു വാചാലയായി മയോനി പങ്കുവച്ച കുറിപ്പും ഏറെ ചർച്ചയായിരുന്നു. അടുത്തിടെ ‘പെരുമാനി’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനും പ്രീമിയറിനും ഒരുമിച്ചെത്തിയ ഇരുവരുടെയും ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.