ഗോകുൽ സുരേഷിന്റെ ഏറ്റവും പുതിയ ചിത്രമാണ് ദുൽഖർ സൽമാന്റെ ‘കിങ് ഓഫ് കൊത്ത’. ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് ഗോകുൽ സുരേഷ് എത്തുന്നത്. ഗോകുൽ പൊലീസ് വേഷത്തിലെത്തുന്നതിനാൽ തുടക്കം മുതൽ സുരേഷ് ഗോപിയുമായി താരത്തെ താരതമ്യപ്പെടുത്തിയുള്ള വാർത്തകളും പുറത്തുവന്നിരുന്നു. ഇതിനുള്ള വ്യക്തമായ മറുപടിയാണ് ഗോകുൽ ഇപ്പോൾ നൽകിയിരിക്കുന്നത്. പൊലീസ് വേഷം അവതരിപ്പിച്ചപ്പോൾ ഒരിക്കൽ പോലും അച്ഛന്റെ കഥാപാത്രങ്ങളുടെ പ്രചോദനം തനിക്കുണ്ടായില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം.
‘യൂണിഫോമിന്റെ ഫിറ്റിങിന് വേണ്ടി മാത്രം കമ്മീഷണറിലെ ഒരു റഫറൻസ് സിൽ എടുത്തുനോക്കിയിരുന്നു. അതല്ലാതുള്ള റഫറൻസ് എടുത്താൽ ചിലപ്പോൾ താങ്ങില്ല. സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും നിർദേശം അനുസരിച്ച് എന്റേതായ ശൈലിയിലാണ് ഞാൻ ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്’ എന്നാണ് ഗോകുൽ സുരേഷ് പറഞ്ഞത്. കമ്മീഷണറിലെ സുരേഷ് ഗോപിയുടെ കഥാപാത്രം ഈ സിനിമയിൽ സ്വാധീനിച്ചിരുന്നോ എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് രഞ്ജി പണിക്കർ എഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത കമ്മീഷണർ.