‘ബാന്ദ്ര’ എന്ന സിനിമ ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് ദിലീപ്. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് സിനിമയുടെ വിശേഷങ്ങൾ പങ്കുവച്ച് താരം എത്തിയത്. സംവിധായകൻ അരുൺ ഗോപിയും കലാഭവൻ ഷാജോണും താരത്തിനൊപ്പമുണ്ടായിരുന്നു. പല തിയേറ്ററുകളിലും ഷോയുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണെന്നും തിയേറ്ററുകൾ ഹൗസ്ഫുൾ ആകുന്നുവെന്ന വാർത്തയാണ് ലഭിക്കുന്നുതെന്നും അതിന്റെ സന്തോഷത്തിലാണ് തങ്ങളെന്നും ദിലീപ് പറഞ്ഞു.
‘രാമലീലയ്ക്ക് ശേഷം ഞങ്ങൾ മൂന്നുപേരും വീണ്ടുമൊന്നിച്ച ചിത്രമാണ് ബാന്ദ്ര. ചിത്രം ഇപ്പോൾ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഒരുപാട് പേർ ചിത്രം കണ്ട ശേഷം വിളിച്ച് നല്ല അഭിപ്രായങ്ങൾ പറഞ്ഞു. ഇന്ന് പല തിയേറ്ററുകളിലും ഷോയുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. തിയേറ്ററുകൾ ഹൗസ്ഫുൾ ആകുന്നു. അതിന് ഞങ്ങൾ നിങ്ങളോട് നന്ദി പറയുന്നു. വേറൊരു ഫീൽ ഉള്ള സിനിമ കണ്ടു എന്നാണ് ഒരുപാട് പേർ വിളിച്ചു പറഞ്ഞത്. അതിൽ വലിയ സന്തോഷം. ഈ സിനിമ തിയേറ്ററിൽ തന്നെ കാണണം, ഇതൊരു ഡോൺ സിനിമയോ ഗ്യാങ്സ്റ്റർ ചിത്രമോ അല്ല. പക്വതയെത്തിയ രണ്ട് ആളുകളുടെ പ്രണയകഥയാണ് ചിത്രം പറയുന്നത്.
ഈ സിനിമയിൽ ഏറ്റവും നല്ല പ്രകടനം കാഴ്ച്ചവെച്ച ആളാണ് ഷാജോൺ. രണ്ട് ഗെറ്റപ്പിലാണ് അദ്ദേഹം വരുന്നത്. എന്റെ ഏറ്റവും അടുത്ത സുഹൃത്തായാണ് സിനിമയിലും അദ്ദേഹം അഭിനയിച്ചിരിക്കുന്നത്. രാമലീലയിലൂടെ സംവിധായകൻ അരുൺ പ്രതികാരത്തിന്റെ കഥയാണ് പറഞ്ഞതെങ്കിൽ ഈ ചിത്രത്തിൽ പറയുന്നത് പ്രണയകഥയാണ്. തമന്ന ഭാട്ടിയയുടെ ആദ്യ മലയാള സിനിമയാണിത്. ഈ സിനിമയിൽ തമന്നയല്ലാതെ മറ്റൊരു നടിയെയും ആ കഥാപാത്രമായി സങ്കൽപ്പിക്കാനാകില്ലെന്നും ഒരുപാട് പേർ പറഞ്ഞു. മംമ്തയും ഞാനും ഇതിന് മുമ്പ് ഒരുപാട് നല്ല സിനിമകൾ ചെയ്തിട്ടുണ്ട്. ബാന്ദ്ര കാണാൻ വിലയേറിയ സമയം മാറ്റിവച്ച് തിയേറ്ററുകളിലെത്തിയതിന് എല്ലാവർക്കും ഒരുപാട് നന്ദി. ഈ സിനിമ ഞങ്ങൾക്ക് അത്രയും പ്രിയപ്പെട്ടതാണ്‘ എന്നാണ് ദിലീപ് വ്യക്തമാക്കിയത്.
പാൻ ഇന്ത്യൻ താരനിര തന്നെ അണിനിരക്കുന്ന ചിത്രത്തിൽ തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും വേഷമിടുന്നുണ്ട്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് ബാന്ദ്ര നിർമ്മിച്ചത്. ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആക്ഷനോടൊപ്പം പ്രണയവും കുടുംബ ബന്ധങ്ങളുടെ ആഴവും കാണിക്കുന്ന ചിത്രം ഒരു ഫാമിലി ഡ്രാമ കൂടിയാണ്.