കേരള സര്‍ക്കാരിന്റെ ആദ്യ ഒടിടി പ്ലാറ്റ്ഫോമായ ‘സി സ്പേസ്’ ജനുവരി 26-ന് പ്രവർത്തനമാരംഭിക്കും. സംസ്ഥാന സർക്കാരിനുവേണ്ടി സാംസ്കാരിക വകുപ്പ് ഒരുക്കുന്ന സി സ്പേസ് സർക്കാർ ഉടമസ്ഥതയിൽ വരുന്ന രാജ്യത്തെ ആദ്യ ഒടിടി പ്ലാറ്റ്ഫോമാണ്. സാംസ്കാരിക വകുപ്പിന് കീഴിൽ സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ്റെ നേതൃത്വത്തിലാണ് ഈ പ്ലാറ്റ്ഫോം പ്രവർത്തനം ആരംഭിക്കുന്നത്.
ആപ്ലിക്കേഷൻ്റെ യൂസർ ഇൻ്റർഫേസിന്റെ ചിത്രങ്ങൾ മന്ത്രി സജി ചെറിയാനാണ് പുറത്തുവിട്ടത്. രൂപാന്തരം, ഹോളിവൂണ്ട്, ബി മുതൽ 32 വരെ, നീരവം, താഹിറ എന്നീ സിനിമകളാണ് ആദ്യ ഘട്ടങ്ങളിൽ സി സ്പേസ് ഒടിടി പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. തിയേറ്റർ റിലീസിങിന് ശേഷമാകും സിനിമകൾ ഈ പ്ലാറ്റ്ഫോമിൽ റിലീസിനെത്തുക. കൂടാതെ ഓരോ നിർമ്മാതാവിനും എക്കാലവും ഇതിന്മേലുള്ള വരുമാനത്തിന്റെ ഒരു ഭാഗം ലഭിക്കുകയും ചെയ്യും. അതിനാൽ സംസ്ഥാനത്തെ തിയേറ്റർ വ്യവസായത്തെ ദോഷകരമായി ഇത് ബാധിക്കില്ലെന്നാണ് വിലയിരുത്തൽ.
ഹ്രസ്വചിത്രങ്ങൾ, ഡോക്യുമെൻ്ററികൾ തുടങ്ങിയവയും ഇതിലൂടെ കാണുവാനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്. കലാമൂല്യമുള്ളതും സംസ്ഥാന, ദേശീയ, രാജ്യാന്തര പുരസ്ക്കാരം നേടിയതുമായ ചിത്രങ്ങൾക്ക് ഒടിടിയിൽ മുൻഗണന നൽകുക. ചുരുങ്ങിയത് 500 ചിത്രങ്ങളുമായാകും സി സ്പേസ് ഒടിടി ജനങ്ങളിലേക്ക് എത്തിക്കും. പൊതുജനങ്ങൾക്ക് പ്ലേസ്റ്റോറിൽ നിന്ന് സി സ്പേസ് ഒടിടി പ്ലാറ്റ്ഫോം ഡൗൺലോഡ് ചെയ്ത് സബ്സ്ക്രൈബ് ചെയ്ത ശേഷം സിനിമകൾ ആസ്വദിക്കാം.