ഒറ്റയിരുപ്പിന് എട്ട് കിലോ സമോസ കഴിക്കാൻ പറ്റുമോ? പറ്റുമെങ്കിൽ നിങ്ങൾക്കൊരു സമ്മാനമുണ്ട്. 8 കിലോയുടെ ഒരു ചാക്ക് സമോസ അല്ല, 8 കിലോയുടെ ഒരൊറ്റ സമോസയാണ് കഴിക്കേണ്ടത്. ബാഹുബലി സമോസ എന്ന് പേരുള്ള ഈ സമോസ പണ്ടേ വൈറൽ ആണ്.
ഉത്തർ പ്രദേശിലെ മീററ്റിലാണ് ബാഹുബലി സമോസയുടെ സ്വദേശം. അവിടെ കൗശൽ സ്വീറ്റ്സിലാണ് ഈ ഭീമൻ സമോസയുള്ളത്. ഉരുളക്കിഴങ്ങ്, ഗ്രീൻപീസ്, ഡ്രൈ ഫ്രൂട്ട്സ്, പനീർ എന്നിവ ചേർത്തുള്ള സമോസക്ക് ആരാധകർ ഏറെയാണ്. പല തൂക്കത്തിലും രുചിയിലും തയാറാക്കുന്ന സമോസയുടെ പേരിൽ ഇടക്കിടക്ക് മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്. ഈ സമോസ ചലഞ്ചിൽ പങ്കെടുത്ത് ഇതുവരെ ആരും വിജയിച്ചിട്ടില്ലെന്ന് കടയുടമ ശുഭം പറയുന്നു. 51,000 രൂപയാണ് സമ്മാനം.