54ആമത് രാജ്യാന്തര ചലച്ചിത്രമേളയിൽ (ഐഎഫ്എഫ്ഐ) മലയാള സിനിമ ‘ആട്ടം’ ഉദ്ഘാടനച്ചിത്രമായി പ്രദര്‍ശിപ്പിക്കും. 25 സിനിമകളാണ് ഇന്ത്യന്‍ പനോരമയിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്. ‘ആട്ട’ത്തിന് പുറമെ ‘ഇരട്ട’, ‘കാതൽ’, ‘മാളികപ്പുറം’, ‘ന്നാ താൻ കേസ് കൊട്’, ‘പൂക്കാലം’, ‘2018’ എന്നീ മലയാള ചിത്രങ്ങളും ഇന്ത്യന്‍ പനോരമയില്‍ ഇടം നേടിയിട്ടുണ്ട്.
മലയാള ചിത്രമായ ‘ശ്രീരുദ്രം’ ഉള്‍പ്പടെ 20 സിനിമകള്‍ നോൺ ഫീച്ചർ സെക്ഷനിലേക്കും തെരഞ്ഞെടുത്തിട്ടുണ്ട്. വിവാദ ചിത്രം ദി കേരള സ്റ്റോറിയും മേളയിൽ പ്രദർശിപ്പിക്കും. തെരഞ്ഞെടുത്ത ചിത്രങ്ങൾ നവംബർ 20 മുതൽ 28 വരെ ഗോവയിൽ നടക്കുന്ന 54-ാമത് ഐഎഫ്എഫ്‌ഐയിൽ പ്രദർശിപ്പിക്കും.
ഫീച്ചർ ഫിലിമുകൾക്കായി ആകെ പന്ത്രണ്ട് ജൂറി അംഗങ്ങളും നോൺ ഫീച്ചർ ഫിലിമുകൾക്ക് വേണ്ടി ആറ് ജൂറി അംഗങ്ങളും ഉൾപ്പെടുന്ന ഇന്ത്യയിലുടനീളമുള്ള സിനിമാ ലോകത്തെ പ്രമുഖരാണ് ഇന്ത്യൻ പനോരമ ചിത്രങ്ങൾ മേളയ്ക്കായി തെരഞ്ഞെടുത്തത്.