അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ശാസ്ത്ര ദൗത്യത്തിൻ്റെ ഔദ്യോഗിക ലോഗോ പുറത്തിറക്കി സൗദി ബഹിരാകാശ കമ്മീഷൻ. ആരോഗ്യ, പാരിസ്ഥിതിക സുസ്ഥിരത എന്നീ മേഖലകളിൽ ബഹിരാകാശ സഞ്ചാരികൾ നടത്തുന്ന ഗവേഷണങ്ങളിലൂടെ ആളുകളെ ശാക്തീകരിക്കുക, ഗ്രഹത്തെ സംരക്ഷിക്കുക, പുതിയ ചക്രവാളങ്ങൾ തുറക്കുക എന്നിവ കേന്ദ്രീകരിച്ചുള്ള രാജ്യത്തിൻ്റെ ശാസ്ത്ര ദൗത്യങ്ങളെ വ്യക്തമാക്കുന്നതാണ് ലോഗോ.
സൌദിയുടെ ബഹിരാകാശ സഞ്ചാരികൾ അടുത്തമാസം യാത്രതിരിക്കാനിരിക്കേയാണ് ലോഗോ പുറത്തിറക്കിയത്. ക്രൂവിൻ്റെ ഔദ്യോഗിക യൂണിഫോമിൽ ലോഗോ പതിപ്പിക്കും. ചരിത്രത്തിൽ ആദ്യത്തെ ബഹിരാകാശത്ത് എത്തുന്ന സൌദിയുവതിയും അറബ് മുസ്ലീം വനിതയുമായ റയാന ബെർണവിയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തുന്ന ആദ്യത്തെ സൗദി ബഹിരാകാശ സഞ്ചാരി കൂടിയായ അലി അൽ ഖർനിയും ദൌത്യത്തിൻ്റെ ഭാഗമാകും.
വൃത്താകൃതിയിലുള്ളതാണ് ലോഗോ. സൗദി ബഹിരാകാശയാത്രികരുടെ വ്യക്തിത്വത്തെ പ്രതിനിധീകരിക്കുന്ന രാജ്യത്തിൻ്റെ പതാകയും സാംസ്കാരിക പ്രത്യേകതകളും ആലേഘനം ചെയ്തിട്ടുണ്ട്.അതേസമയം കഴിഞ്ഞ ദിവസം സൗദി ബഹിരാകാശ യാത്രികരായ റയ്യാന ബർണവി, അലി അൽ ഖർനി, മറിയം ഫർദൂസ്, അലി അൽ ഗംദി എന്നിവരുമായി കിരീടാവകാശിയും പ്രധാനമന്ത്രിയും സുപ്രീം സ്‌പേസ് കൗൺസിൽ ചെയർമാനുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ കൂടിക്കാഴ്ച നടത്തിയിരുന്നു. യാത്രികർക്ക് ഭരണാധികാരി ആശംസകളും നേർന്നു.