വിദേശ രാജ്യങ്ങളിൽ ഫലപ്രദമായി നടപ്പാക്കുന്ന പഠനത്തോടൊപ്പം ജോലി എന്ന ആശയം കേരളത്തിലും ഉടൻ യാഥാർഥ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ തലത്തിൽ ഇതിനുളള നടപടികൾ ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
ലോകത്തുണ്ടാകുന്ന മാറ്റങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും ഇക്കാര്യത്തിൽ ഉൽക്കണ്ഠയുടെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഉപരിപഠനത്തിന് ധാരാളം വിദ്യാർഥികൾ വിദേശത്തേക്ക് ചേക്കേറുന്ന കാലമാണിത്. സമാനമായി ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം കേരളത്തിൽ നടപ്പാക്കുമെന്നും വിദേശ വിദ്യാർഥികളെ കേരളത്തിലേക്ക് ആകർഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിവാര ടെലിവിഷൻ സംവാദ പരിപാടിയായ ‘നാം മുന്നോട്ടി’ൻ്റെ പുതിയ എപ്പിസോഡിലാണ് മുഖ്യമന്ത്രി പദ്ദതിയെപ്പറ്റി വിശദീകരിച്ചത്.
കേരളത്തിൽനിന്ന് നാലു ശതമാനം വിദ്യാർഥികൾ വർഷംതോറും ഉപരിപഠനത്തിനു വിദേശരാജ്യങ്ങളിൽ പോകുന്നെന്നാണ് കണക്കുകൾ. മറ്റു സംസ്ഥാനങ്ങളിലെ നിരക്ക് ഇതിലധികമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുകയും കേരളത്തിൽ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ യാഥാർഥ്യമാക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.പഠനത്തോടൊപ്പം ജോലി, തൊഴിൽ നൈപുണ്യ വികസനം എന്നീ ആശയങ്ങൾ ഏറെ ഗൗരവമായാണ് സർക്കാർ കാണുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.