ഒമാനിൽ വെള്ളപ്പൊക്കം നിയന്ത്രത്തിനായി മൂന്ന് അണക്കെട്ടുകൾ നിർമിക്കാൻ ഒരുങ്ങുന്നു. മസ്‌കറ്റ് ഗവർണറേറ്റിലെ വാദി അൽ അൻസാബ്, സൗത്ത് അൽ ഷർഖിയ ഗവർണറേറ്റിലെ വാദി തഹ്‌വ, നോർത്ത് അൽ ബത്തിനയിലെ വാദി അൽ സുഹൈമി എന്നിവിടങ്ങളിൽ അണക്കെട്ടുകൾ നിർമിക്കാൻ സുൽത്താൻ ഹൈതം മൂന്ന് രാജകീയ ഉത്തരവുകൾ പുറപ്പെടുവിച്ചു.
ഒമാനിലെ പബ്ലിക് യൂട്ടിലിറ്റി എക്‌സ്പ്രൊപ്രിയേഷൻ നിയമപ്രകാരം പ്രാദേശിക അധികാരികൾക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കാമെന്നും ഉത്തരവിലുണ്ട്. അടുത്ത കാലത്തായി ഒമാനിലെ വാഡികളിൽ വെള്ളപ്പൊക്കം രൂക്ഷമാകുന്നതും
കഴിഞ്ഞ വർഷം 19 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത് കണക്കിലെടുത്തുമാണ് ഡാം പദ്ധതി പ്രഖ്യാപിച്ചത്.
ഇടത്തരം മുതൽ ശക്തമായ മഴയുണ്ടായാ ഒമാനിലുടനീളം നിരവധി താഴ്‌വരകളും പാറകളും വെള്ളത്തിനടിയിലാകുന്നത് പതിവാണ്. കഴിഞ്ഞ വർഷം ജനുവരിയിൽ പുതുവത്സര തലേന്ന് ആരംഭിച്ച കനത്ത മഴയെത്തുടർന്ന് ഒമാനിൽ ആറ് പേർ മരിച്ചിരുന്നു. നിരവധി നഗരങ്ങൾ പൂർണ്ണമായും വെളളത്തിനടിയിലായിരുന്നു. രാജ്യത്ത് 72 മില്ലീമീറ്ററിലധികം മഴ ലഭിച്ചപ്പോൾ ലിവ, സൊഹാർ, സമൈൽ, സൂർ, വാഹിബ നഗരങ്ങൾ വിച്ഛേദിക്കപ്പെട്ടു.
വാഡികൾ മുറിച്ചുകടക്കാൻ ശ്രമിക്കുമ്പോഴും അപകടങ്ങൾ പതിവാണ്. പൊലീസ് മുന്നറിയിപ്പുകൾ നൽകാറുണ്ടെങ്കിലും അപകടങ്ങൾ പെരുകുന്നതും അധികൃതർ കണക്കിലെടുത്തു. കഴിഞ്ഞ വർഷം വിവിധ ഗവർണറേറ്റുകളിലായി 40 പേരെയാണ് വെളളപ്പൊക്ക അപകടങ്ങളിൽ നിന്ന് സാഹസികമായി രക്ഷപ്പെടുത്തിയത്.