നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍ ഒരുങ്ങി ഖത്തറും ബഹ്‌റൈനും. െഎക്യ രാഷ്ട്രസഭയുടെ മാനദണ്ഡമനുസരിച്ചും 1961 ലെ ജനീവ കണ്‍വെന്‍ഷന്‍ വകുപ്പുകള്‍ അനുസരിച്ചും നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനാണ് തീരുമാനം. രാജ്യങ്ങള്‍ തമ്മിലുള്ള തുല്യത, ദേശീയ പരമാധികാരം, സ്വാതന്ത്ര്യം, പ്രാദേശിക സമാധാനം, എന്നിവ കണക്കിലെടുത്ത് ഉഭയകക്ഷി ബന്ധം വികസിപ്പിക്കും.
ബുധനാഴ്ചയാണ് ഇരു രാജ്യങ്ങളും ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവിട്ടത്. ബഹ്‌റൈൻ-ഖത്തർ ഫോളോ-അപ്പ് കമ്മിറ്റിയുടെ രണ്ടാമത്തെ യോഗം സൗദിയിലെ ജിസിസി ജനറൽ സെക്രട്ടേറിയറ്റിൻ്റെ ആസ്ഥാനത്ത് ചേർന്ന് തീരുമാനമെടുത്തതായി ഇരു രാജ്യങ്ങളും വെവ്വേറെ പ്രസ്താവനകളിൽ അറിയിക്കുകയായിരുന്നു. ഖത്തർ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് അൽ താനിയും ബഹ്‌റൈൻ വിദേശകാര്യമന്ത്രി അബ്ദുല്ലത്തീഫ് അൽ സയാനിയും തമ്മിലാണ് കൂടിക്കാഴ്ച നടത്തിയത്.
ഇതോടെ ഗള്‍ഫ് സഹകരണ കൗണ്‍സിലിൻ്റെ ഉദ്ദേശ്യങ്ങള്‍ക്കനുസൃതമായി ഗള്‍ഫ് ഏകീകരണവും ഐക്യവും പ്രോത്സാഹിപ്പിക്കാനും ഇരുരാജ്യങ്ങൾക്കു വഴിയൊരുങ്ങും. ഖത്തറിനെതിരായ അറബ് ഉപരോധം അവസാനിപ്പിച്ച് രണ്ടു വര്‍ഷത്തിന് ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച ചർച്ച നടക്കുന്നത്. മൂന്നര വര്‍ഷം നീണ്ട ഖത്തര്‍ ഉപരോധം 2021ൽ യുഎഇയും സൗദിയും ഈജിപ്തും അവസാനിപ്പിച്ചിരുന്നു.
ബഹ്‌റൈന്‍ ഒഴികെയുള്ള രാജ്യങ്ങള്‍ ഖത്തറുമായി യാത്രാ, വ്യാപാര ബന്ധങ്ങള്‍ പുനഃസ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ ഇരുരാജ്യങ്ങൾക്കും ഇടയിലുളള വിള്ളലുകള്‍ പരിഹരിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. ഉഭയകക്ഷി ബന്ധം പുനസ്ഥാപിക്കുന്നതിൻ്റെ ഭാഗമായി കഴിഞ്ഞ ജനുവരിയില്‍ ബഹ്‌റൈന്‍ കിരീടാവകാശി ഖത്തര്‍ അമീറുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു.പുതിയ തീരുമാനത്തെ ജിസിസി രാജ്യങ്ങൾ സ്വാഗതം ചെയ്തു.