ലൈംഗിക ആരോപണ കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകൾക്ക് മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അറസ്റ്റ് ചെയ്ത് ന്യൂയോർക്ക് കോടതിയിൽ ഹാജരാക്കി. തനിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ ട്രംപ് കോടതിയിൽ നിഷേധിച്ചു. കുറ്റാരോപിതനായതിനാൽ ഇനി വിചാരണ നേരിടണം. ഇന്നലെ രാത്രി ഇന്ത്യന്‍ സമയം 11.45ഓടെയാണ് ട്രംപ് കോടതിയിലെത്തി കീഴടങ്ങിയത്. 2016ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പോൺ താരം സ്റ്റോമി ഡാനിയല്‍സുമായുള്ള ബന്ധം ഒത്തുതീർപ്പാക്കാന്‍ 13,000 ഡോളര്‍ നല്‍കിയെന്നതാണ് ട്രംപിനെതിരായ കേസ്.
ന്യൂയോർക്ക് ഗ്രാൻഡ് ജ്യൂറിയാണ് ട്രംപിനെതിരെ ക്രിമിനൽ കുറ്റം ചുമത്തിയിരിക്കുന്നത്. അമേരിക്കൻ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രസിഡൻ്റ് ക്രിമിനല്‍ കേസില്‍ വിചാരണ നേരിടുന്നത്. തെരഞ്ഞെടുപ്പിന് ഒരു മാസം മുന്‍പ് പണം നല്‍കിയത് ചട്ടലംഘനമാണ് എന്നതാണ് ട്രംപിന് തിരിച്ചടിയായത്. ജനപ്രതിനിധി സഭയില്‍ രണ്ട് തവണ ഇംപീച്ച്മെന്റ് നടപടി നേരിട്ട ട്രംപിനെ രക്ഷിച്ചത് സെനറ്റായിരുന്നു. 34 കേസുകളാണ് ട്രംപിനെതിരെയുള്ളത്. 2018ലാണ് ട്രംപിന്റെ പണമിടപാട് വാള്‍സ്ട്രീറ്റ് ജേണല്‍ വാര്‍ത്തയാക്കിയത്.
2018 ഓഗസ്റ്റിൽ മാന്‍ഹട്ടന്‍ കോടതി തെരഞ്ഞെടുപ്പ് പ്രചാരണ ഫണ്ടുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളുടെ പേരില്‍ ട്രംപിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തിയിരുന്നു. ട്രംപിനോട് വിരോധമുള്ളയാളാണ് ജഡ്ജിയെന്നും ഇവരുടെ മകള്‍ കമല ഹാരിസിന് വേണ്ടി ജോലി ചെയ്യുന്നുവെന്നുമാണ് ട്രംപിൻ്റെ വാദം. ക്രിമിനല്‍ ജില്ലാ അറ്റോർണിയാണെന്നും ട്രംപ് കുറ്റപ്പെടുത്തി. അമേരിക്കയില്‍ ഇത്തരമൊരു സംഭവമുണ്ടാകുമെന്ന് താനൊരിക്കലും കരുതിയിരുന്നില്ലെന്നും ട്രംപ് പറയുന്നു.
അമേരിക്ക നാശത്തിലേക്കാണ് പോകുന്നതെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു. ലോകം അമേരിക്കയെ നോക്കി ചിരിക്കുകയാണെന്നും രാജ്യത്തെ പ്രതിരോധിച്ചതാണ് താൻ ചെയ്ത ഏക കുറ്റമെന്നും മാൻഹട്ടൺ കോടതിയിൽ ഹാജരായശേഷം ട്രംപ് പ്രതികരിച്ചു.