അബുദാബി പരിസ്ഥിതി ഏജൻസി സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കായി “മിഷൻ ടു സീറോ ഗവൺമെന്റ് ചലഞ്ച്” ആരംഭിച്ചു. 2023 മാർച്ച് അവസാനത്തോടെ ഓർഗനൈസേഷനുകൾ ഉൽപ്പാദിപ്പിച്ച മാലിന്യത്തിന്റെ അളവിന്റെയും അവയുടെ കുറവ് ശതമാനത്തിന്റെയും ഫലങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നാണ് നിര്‍ദ്ദേശം. ഏറ്റവും കൂടുതൽ മാലിന്യം കുറയ്ക്കുന്ന സ്ഥാപനത്തിന് അംഗീകാരവും പ്രഖ്യാപിച്ചിട്ടുണ്ട്.
2020 മാർച്ചിൽ ആരംഭിച്ച സിംഗിൾ യൂസ് പ്ലാസ്റ്റിക് പോളിസിയുടെ ഭാഗമായാണ് പുതിയ ചലഞ്ച് പ്രഖ്യാപിച്ചത്. ഒറ്റത്തവണ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളിൽ നിന്ന് മാറാൻ സർക്കാർ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. സർക്കാർ സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന ബാഗുകൾ, കപ്പുകൾ, മൂടികൾ, കട്ട്ലറി, പ്ലേറ്റുകൾ, സ്റ്റെററുകൾ, കുപ്പികൾ എന്നിവയുടെ ഉപയോഗം കുറയ്ക്കാനാണ് നീക്കം.
കഴിഞ്ഞ ജൂണ്‍ മുതല്‍ അബുദാബിയില്‍ പ്ലാസ്റ്റിക് കവര്‍ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കും പ്ലാസ്റ്റിക് നയത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിനായി അറബിയിലും ഇംഗ്ലീഷിലും ബോധവത്കരണ ഗൈഡും പരിസ്ഥിതി ഏജന്‍സി പുറത്തിറക്കിയിരുന്നു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്, നോൺ-പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പരിമിതപ്പെടുത്തി പരിസ്ഥിതിക്ക് ഹാനികരമല്ലാത്ത മൾട്ടി-ഉപയോഗ ബദലുകളിലേക്ക് മാറാൻ പ്രോത്സാഹിപ്പിക്കുന്നതാണ് ഗൈഡിലെ ഉളളടക്കം.
ഇൻഫോഗ്രാഫിക്‌സും ആനിമേഷനുകളും ഉൾപ്പെടുത്തി പരിസ്ഥിതി ഏജന്‍സി പുറത്തിറക്കിയ ഗൈഡ് 80-ലധികം സ്ഥാപനങ്ങളുമായി പങ്കിട്ടെന്നും അധികൃതര്‍ വ്യക്തമാക്കി.