ഇന്ത്യ–യുഎഇ പങ്കാളിത്ത ഉച്ചകോടിക്ക് ദുബായിൽ തുടക്കമായി. സാമ്പത്തിക, വ്യാപാര, നിക്ഷേപ സഹകരണം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ത്രിദിന ഉച്ചകോടിയിൽ ഉൽപാദനം, സ്റ്റാർട്ടപ്, ആരോഗ്യസംരക്ഷണം, ഭക്ഷ്യസംസ്കരണം തുടങ്ങി ഇരുരാജ്യങ്ങൾക്കും പ്രയോജനമാകുന്ന വിഷയങ്ങളിൽ ചർച്ചകൾ നടക്കും.
ദുബായ് ചേംബറിൽ വച്ച് നടക്കുന്ന ഉച്ചകോടിയിൽ സർക്കാർ, സ്വകാര്യ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. ഇൻ്റർനാഷനൽ ബിസിനസ് ലിങ്കേജ് ഫോറവും (ഐബിഎൽഎഫ്) ദുബായ് ചേംബറും സംയുക്തമായാണ് ത്രിദിന ഉച്ചകോടി നടത്തുന്നത്. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി എന്നിവരാണ് മുഖ്യാതിഥികൾ.
ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ, കോൺസൽ ജനറൽ ഡോ. അമൻ പുരി, ഈസ അബ്ദുല്ല അൽ ഗുറൈർ, സന്ദീപ് സോമനി, നയൻ പട്ടേൽ , കിഷോർ മുസലെ, രേണുക മിത്തൽ എന്നിവർ ഉൾപ്പെടെ 10 രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കും.
ഇന്ത്യ–യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൻ്റെ (സെപ) നേട്ടങ്ങളും യുഎഇ ഗോൾഡൻ വീസയുടെ ആകർഷണവും പ്രയോജനപ്പെടുത്തി സഹകരണം പുതിയ തലത്തിലേക്കു കൊണ്ടുപോകേണ്ടതിൻ്റെ അനിവാര്യതയും ചർച്ചയാകും. യുഎഇയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയായ ഇന്ത്യയുമായുള്ള പഴയകാല ബന്ധം കൂടുതൽ ശക്തമാക്കാൻ ഉച്ചകോടി സഹായകമാകുമെന്നാണ് വിലയിരുത്തൽ.