ഫുട്ബോളിന് പകരംവയ്ക്കാനില്ലാത്ത ഇതിഹാസം പെലെ വിടവാങ്ങി. അർബുദത്തെ തുടർന്ന് സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ വ്യാഴാഴ്ച അര്‍ദ്ധരാത്രിയാണ് അന്ത്യം. 82 വയസ്സായിരുന്നു. എഡ്സൺ അരാന്റസ് ഡൊ നാസിമെന്റൊ പിന്നീട് പെലെ എന്ന് അറിയപ്പെടുകയായിരുന്നു. ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനിയിരുന്നു പെലെ.
രണ്ട് പതിറ്റാണ്ടിലധികം കളിക്കളം അടക്കിവാഴുകയും കിരീടങ്ങളും റെക്കോര്‍ഡുകളും സ്വന്തം പേരില്‍ എഴുതിച്ചേര്‍ക്കുകയും ചെയ്ത ഇതിഹാസമാണ് മറഞ്ഞത്. 1957ൽ രാജ്യത്തിനായി അരങ്ങേറ്റം. പിന്നീട് 1958, 1962, 1970 വര്‍ഷങ്ങളില്‍ പെലെ ബ്രസീലിനുവേണ്ടി മൂന്ന് ലോകകപ്പുകൾ നേടി. രാജ്യത്തിനായി 92 മത്സരങ്ങളില്‍ നിന്ന് 77 ഗോളുകൾ എന്ന റെക്കാര്‍ഡ്. 1971ലാണ് ദേശീയ ടീമിനായി അവസാനം മത്സരിച്ചത്. ഇതിനിടെ 1363 കളിയിലായി പെലെ നേടിയത് 1284 ഗോളുകളെന്നതും ചരിത്രം.
ക്ലബ്ബ് ഫുട്ബോളിൽ സാന്റോസിലായിരുന്നു പെലെ ഏറെക്കാലം കളിച്ചത്. 1956 മുതൽ 1974വരെയുളള കാലത്ത് 638 മത്സരങ്ങളിൽ നിന്ന് ക്ളബ്ബിനായി നേടിയത് 619 ഗോളുകൾ.
സാവോപോളോയിലെ തെരുവുകളിൽ നിന്നാണ് പെലെ ഫുട്ബോളിന്റെ നെറുകയിലെത്തിയത്. രണ്ടായിരത്തിൽ ഫിഫ നൂറ്റാണ്ടിന്റെ താരമായി പെലെയെ തെരഞ്ഞെടുത്തിരുന്നു.
80-ാം പിറന്നാൾ ലോകം ആഘോഷത്തോടെയാണ് കൊണ്ടാടിയത്. പ്രായത്തിന്റെ അവശതളും രോഗവും പെലെയെ തളര്‍ത്തിയെങ്കിലും ഖത്തര്‍ ലോകകപ്പ് നേടിയ മെസ്സിക്കും അര്‍ജന്റീനയ്ക്കും പെലെ ആശംസകൾ അറിയിച്ചിരുന്നു. ഖത്തര്‍ ലോകകപ്പിനിടെയാണ് രോഗം ഗുരുതരമായി പെലെ ആശുപത്രിയായത്.കുടലിനെ ബാധിച്ച അർബുദം പിന്നീട് കരളിലും ശ്വാസകോശത്തിലും ബാധിച്ചിരുന്നു. ഒരുവർഷമായി ആശുപത്രിയും വീട്ടിലുമായി കഴിയവേയാണ് മരണം. ഇതിഹാസം വിടപറയുമ്പോൾ ഫുട്ബോൾ ലോകം നിശ്ചലമാവുകയാണ്. ആദരാഞ്ജലികൾ അര്‍പ്പിച്ച്.