ക്രിസ്മസായതോടെ ലോകമെമ്പാടും വലിയ ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു. പല വീടുകളിലും മനോഹരമായ ക്രിസ്മസ് ട്രീകളും പുൽക്കൂടുകളും വിളക്കുകളും മറ്റ് വർണ്ണാഭമായ ആഭരണങ്ങളും കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് അമേരിക്കയിലെ ഐഡഹോയിലെ കുനയിലെ ജോയൽ സ്ട്രാസർ എന്ന യുവാവ് സ്വന്തം താടിയിൽ ക്രിസ്മസ് ട്രീ ഒരുക്കിയത്.
വെറുതെ താടി അലങ്കരിക്കുകയല്ലായിരുന്നു ജോയൽ, ഒരു ലോക റെക്കോർഡും സ്വന്തമാക്കിയിട്ടുണ്ട്. ഒറ്റനോട്ടത്തിൽ ക്രിസ്മസ് ട്രീയാണോ എന്ന സംശയിക്കുന്നത്ര ഭംഗിയായാണ് താടി അലങ്കരിച്ചിരിക്കുന്നത്. ഡിസംബർ 2നാണ് ജോയൽ റെക്കോർഡ് സ്ഥാപിച്ചത്. വിവിധ നിറത്തിലുള്ള 710 ഓളം ക്രിസ്മസ് ബോളുകൾ കൊണ്ട് രണ്ടുമണിക്കൂറെടുത്താണ് അലങ്കരിക്കൽ പൂർത്തിയാക്കിയത്. ഇതിൻ്റെ വീഡിയോ ഗിന്നസ് വേൾഡ് റെക്കോർഡ് പങ്കുവെച്ചിരുന്നു.
2019 ഡിസംബറിലാണ് ആദ്യമായി തൻ്റെ താടി അലങ്കരിച്ച് ക്രിസ്മസ് ട്രീ ഒരുക്കിയതെന്ന് ജോയൽ പറയുന്നു. അന്ന് മുതൽ എല്ലാ ക്രിസ്മസിലും സ്വന്തം റെക്കോർഡ് വീണ്ടും തകർക്കുകയും ചെയ്തിട്ടുള്ളതായി ജോയൽ കൂട്ടിച്ചേർത്തു. വളരയധികം ക്ഷമ ആവശ്യമുള്ള ജോലിയാണ് ഇതെന്നും ജോയൽ പറയുന്നു. താടിയിലെ ഓരോ മുടിയിഴകളിലും സൂക്ഷ്മതയോടെ വേണം ബോളുകൾ ഘടിപ്പിക്കാൻ. താടിയിൽ അലങ്കാരങ്ങൾ തൂക്കാൻ രണ്ടര മണിക്കൂറും അതെല്ലാം നീക്കം ചെയ്യാൻ ഒരു മണിക്കൂറും വേണ്ടിവന്നെന്നും ജോയൽ വെളിപ്പെടുത്തി.