ചൈനയിൽ വ്യാപിക്കുന്ന കോവിഡ് വകഭേദം ബിഎഫ് .7 ഇന്ത്യയിൽ സ്ഥിരീകരിച്ചതോടെ ജാഗ്രത വർധിപ്പിച്ചിരിക്കുകയാണ് രാജ്യം. നാളെ മുതൽ രാജ്യത്തേയ്ക്ക് എത്തുന്ന വിമാനങ്ങളിലെ രണ്ടുശതമാനം വീതം യാത്രക്കാരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. റാൻഡം പരിശോധനയ്ക്ക് വിധേയരാക്കേണ്ടവരെ വിമാനക്കമ്പനികൾ കണ്ടെത്തും.
പരിശോധനയും നിരീക്ഷണവും കർശനമാക്കാൻ നിർദേശിച്ചുകൊണ്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി, വ്യോമയാന സെക്രട്ടറി രാജിവ് ബൻസലിന് കത്തുനൽകി. കർണാടകയും മഹാരാഷ്ട്രയും ഉൾപ്പടെ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. മാസ്ക് ധരിക്കണമെന്നും രോഗനിർണയ പരിശോധനയും ജനിതക ശ്രേണീകരണവും നടത്തണമെന്നും അവലോകന യോഗത്തിൽ പ്രധാനമന്ത്രി നിർദേശിച്ചിട്ടുണ്ട്.