മയക്കുമരുന്ന് ഉപയോഗത്തിനെതിരേ ക്യാമ്പൈനുമായി ഫുജൈറ പൊലീസ്.
‘മയക്കുമരുന്നിനെതിരെ പോരാടാൻ നാമെല്ലാവരും ഒരുമിച്ച്’ എന്ന പ്രമേയത്തിലാണ് ബോധവൽക്കരണ ക്യാമ്പൈന് തുടക്കം കുറിച്ചത്. ഡിസംബർ അവസാനം വരെ നീണ്ടുനിൽക്കുന്ന ക്യാമ്പൈനിലൂടെ മയക്കുമരുന്ന് ദുരുപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ചും ആരോഗ്യ പ്രത്യാഘാതങ്ങളെക്കുറിച്ചും സമൂഹത്തെ ബോധവത്കരിക്കും.
യുവാക്കളെ മയക്കുമരുന്നിന്റെ ആസക്തിയിലേക്ക് ആകർഷിക്കാൻ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരന്തരം ശ്രമിക്കുന്നുണ്ടെന്ന് ഫുജൈറ പോലീസിലെ ആന്റി നാർക്കോട്ടിക് ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ ഖാലിദ് റാഷിദ് അൽ സാദി വ്യക്തമാക്കി. മയക്കുമരുന്ന് ഉപയോഗത്തിലേക്ക് വഴുതി വീഴാതിരിക്കാന്‍ കുട്ടികളെയും അവരുടെ പ്രവർത്തനങ്ങളെയും നിരീക്ഷിക്കണമെന്നും ഫുജൈറ പൊലീസ് മേധാവി നിര്‍ദ്ദേശിച്ചു.
കുറ്റകൃത്യങ്ങൾ തടയുന്നതിന് താമസക്കാർക്ക് സുരക്ഷാ അവബോധം വളർത്തുന്നത് ഉൾപ്പെടുന്ന എമിറേറ്റിന്റെ തന്ത്രങ്ങൾക്ക് അനുസൃതമായാണ് ക്യാമ്പൈന് സംഘടിപ്പിച്ചിരിക്കുന്നത്. സമൂഹത്തിലെ അംഗങ്ങളെ ലഹരി വിരുദ്ധ നിയമങ്ങളെക്കുറിച്ച് ഓർമ്മപ്പെടുത്തുന്നതിനായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ബോധവൽക്കരണ പരിപാടികൾ ശക്തമാക്കും. മയക്കുമരുന്ന് ദുരുപയോഗം തടയാൻ കുടുംബങ്ങൾ ഒത്തുചേരേണ്ടതിന്റെ പ്രാധാന്യവും ക്യാമ്പൈന് വിശദമാക്കും.