ഇറാനിൽ മതകാര്യ പൊലീസിനെ പിരിച്ചുവിട്ട് ഭരണകൂടം. രണ്ടു മാസത്തിലധികമായി നടന്നുവരുന്ന ഹിജാബ് വിരുദ്ധ സമരത്തിനൊടുവിലാണ് നടപടി. ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത മഹ്സ അമിനി (22) സെപ്റ്റംബർ 16ന് മരിച്ചതിനെത്തുടർന്നാണ് പ്രതിഷേധം ആരംഭിച്ചത്.
സ്ത്രീകൾ ഹിജാബ് ധരിക്കണമെന്ന നിയമം മാറ്റണോ എന്നതിൽ പാർലമെൻ്റും ജുഡീഷ്യറിയും ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് അറ്റോർണി ജനറൽ അറിയിച്ചു. 1979ൽ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ സ്ഥാപിതമായതോടെയാണ് രാജ്യത്ത് ഹിജാബ് നിർബന്ധമാക്കിയത്. മഹ്മൂദ് അഹമ്മദിനജാദ് ഇറാൻ പ്രസിഡൻ്റായിരുന്ന കാലത്താണ് മതകാര്യ പൊലീസ് സ്ഥാപിതമായത്. 2006ൽ യൂണിറ്റുകൾ പട്രോളിങ് നടത്തിത്തുടങ്ങി.
ഇറാനില്‍ 1979 മുതല്‍ സ്ത്രീകളുടെ വസ്ത്രധാരണത്തിൽ കടുത്ത നിയന്ത്രണങ്ങളുണ്ട്. സ്ത്രീകളുടെ വസ്ത്രധാരണം നിരീക്ഷിച്ചും നിയമലംഘനം ആരോപിച്ചും നിരവധി പേരെ തടവിലാക്കിയിട്ടുണ്ട്. ഹിജാബ് വിരുദ്ധ സമരങ്ങളിൽ പങ്കെടുത്ത നിരവധിയാളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.