വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം നടത്തിയതിന് കസ്റ്റഡിയിലെടുത്തവരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനുനേരെ ആക്രമണം നടത്തിയത് ഗൂഢലക്ഷ്യത്തോടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘‘ഭീഷണിക്ക് പിന്നാലെ ആക്രമണവും ഉണ്ടായി. നാടിൻ്റെ സ്വൈര്യം തകർക്കാനാണ് ശ്രമം. അക്രമികൾ എന്താണ് പ്രതീക്ഷിക്കുന്നതെന്ന് പൊലീസ് വിവേകത്തോടെ തിരിച്ചറിഞ്ഞു. അക്രമികൾ ഉദ്ദേശിച്ചപോലെ കാര്യങ്ങൾ മാറാത്തതിനു കാരണം പൊലീസിന്റെ സംയമനമാണ്’’– മുഖ്യമന്ത്രി വിമർശിച്ചു.
സംഘർഷത്തിൽ പൊലീസ് പക്വതയോടെ ഇടപെട്ടതായും ശക്തമായ നടപടി അക്രമികള്‍ക്കെതിരെ സ്വീകരിക്കുമെന്നും ഡിജിപി അനിൽകാന്ത് അറിയിച്ചു. പൊലീസ് സ്റ്റേഷൻ ആക്രമിച്ച സംഭവത്തിൽ കണ്ടാലറിയുന്ന 3000 പേർക്കെതിരെ വധശ്രമമടക്കം വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു. സംഘർഷത്തിൽ അറസ്റ്റ് ചെയ്യേണ്ടവരുടെ പട്ടിക പൊലീസ് തയാറാക്കി വരികയാണ്. തുറമുഖ വിഷയത്തിൽ നാളെയാണ് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കുന്നത്. അതിനു ശേഷമാകും സംഘർഷവുമായി ബന്ധപ്പെട്ട അറസ്റ്റ്. ഈ കേസുകളിൽ അന്വേഷണം തുടരാൻ മുഖ്യമന്ത്രി നിർദേശിച്ചിരുന്നു.