അടുത്ത 50 വർഷത്തിനുള്ളിൽ സുസ്ഥിര വികസനത്തിന്റെ എല്ലാ മേഖലകളിലും യു.എ.ഇ മുന്നേറുമെന്ന് യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് . യു.എ.ഇയുടെ 51-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസ്താവനയിലാണ് ശൈഖ് മുഹമ്മദ് ഇക്കാര്യം വ്യക്തമമാക്കിയത്.
ഭാവിയെ പ്രദാനം ചെയ്യുക, നവീകരണം പ്രോത്സാഹിപ്പിക്കുക, പ്രാദേശിക സമൂഹങ്ങളെ ശാക്തീകരിക്കുക, ദാരിദ്ര്യത്തിനെതിരെ പോരാടുക, ശുദ്ധമായ ഊർജ്ജം മുന്നോട്ട് കൊണ്ടുപോകുക, സഹിഷ്ണുത പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള പ്രാദേശിക, ദേശീയ, അന്തർദേശീയ സംരംഭങ്ങളെ യുഎഇ പിന്തുണയ്ക്കും. മാതൃരാജ്യം എല്ലായ്പ്പോഴും ഒരു ദാതാവും സമാധാന നിർമ്മാതാവുമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
വരാനിരിക്കുന്ന 50 വർഷത്തിന്റെ ആദ്യ വർഷത്തിൽ പുതിയ വിജയങ്ങൾ കൈവരിക്കാന്‍ യുഎഇയ്ക്ക് ആകുമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. യുഎഇ നേതൃത്വത്തിന്‍റെ നയങ്ങളും കാഴ്ചപ്പാടുകളും പദ്ധതികളും സുസ്ഥിര വികസനം മെച്ചപ്പെടുത്തുന്നതാണ്. മുന്‍ പ്രസിന്‍റുമാരേയും യുഎഇ പൈതൃകത്തേയും അനുസ്മരിച്ച ശൈഖ് മുഹമ്മദ് നിലിവിലെ പ്രസിഡന്‍റിന്‍റെ ദീര്‍ഘ വീക്ഷണത്തേയും പ്രകീര്‍ത്തിച്ചു.
രാജ്യം നാളെ മുതല്‍ പുതിയ ഫെഡറൽ വർഷം ആരംഭിക്കുകയാണ്. ആത്മ വിശ്വാസത്തോടെയും ശുഭാപ്തി വിശ്വാസത്തോടെയും പുതിയ നേട്ടങ്ങളും വിജയങ്ങളും കൈവരിക്കാനുള്ള ദൃഢനിശ്ചയത്തോടെയാണ് അതിനെ സ്വീകരിക്കുന്നത്. മാറ്റങ്ങളുടെയും പരിവർത്തനങ്ങളുടെയും കൃത്രിമ ബുദ്ധിയുടെയും കാലഘട്ടത്തിൽ, നമ്മുടെ മൂല്യങ്ങളും പൈതൃകവും പാരമ്പര്യങ്ങളും സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഎഇയിലെ പൗരന്മാരിൽ വലിയ വിശ്വാസമുണ്ടെന്ന് വ്യക്തമാക്കിയ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും എല്ലാ ഭരണാധികാരികൾക്കും പൗരന്‍മാര്‍ക്കും ദേശീയദിനാശംസകൾ നേര്‍ന്നു.