ഖത്തറിലെ ഖലീഫ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ഇയിലെ ജർമനിയുമായുള്ള പോരാട്ടത്തിൽ മിന്നും പ്രകടനം കാഴ്ചവച്ച് ജപ്പാൻ. ആദ്യപകുതിയിൽ ലക്ഷ്യം കാണാനാകാതെ നിരാശപ്പെടുത്തിയ ജപ്പാൻ രണ്ടാം പകുതിയിലെ തകർപ്പൻ പ്രകടനത്തോടെ അട്ടിമറി ജയം സ്വന്തമാക്കി.
കഴിഞ്ഞ ലോകകപ്പിലെ മോശം പ്രകടനം മറക്കാൻ വന്ന ജർമനി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയം രുചിച്ചു. സൗദി അറേബ്യ അർജൻ്റീനയ്ക്ക് മേൽ നേടിയപോലെ, വീണ്ടും മറ്റൊരു വമ്പൻ അട്ടിമറി.
പകരക്കാരായി കളത്തിലിറങ്ങിയ റിറ്റ്സു ഡൊവാൻ (75), ടകൂമ അസാനോ (83) എന്നിവരാണ് ഗോൾ പായിച്ചത്. ജർമനിയുടെ ഗോൾ ആദ്യ പകുതിയുടെ 33–ാം മിനിറ്റിൽ പെനൽറ്റിയിൽ ഇകായ് ഗുണ്ടോകനാണ് നേടിയത്.
മത്സരത്തിൽ ഏതാണ്ട് 75 ശതമാനം സമയവും പന്ത് ജർമനിയുടെ പക്കലായിരുന്നു. മത്സരത്തിലുടനീളം 772 പാസുകളുമായി അവർ കളി നിയന്ത്രിച്ചപ്പോൾ, ജപ്പാൻ്റെ ആകെ പാസുകൾ 270 മാത്രം. ജർമനി ജപ്പാൻ വലയിലേക്കു 11 ഷോട്ടുകളാണ് തൊടുത്തത്. ജപ്പാൻ ആകെ പായിച്ചത് നാലു ഷോട്ടുകളും. എന്നാൽ രണ്ടാം പകുതിയിൽ അവിശ്വസനീയമായി കളിക്കണക്കുകളെയെല്ലാം തോൽപ്പിച്ച് ജപ്പാൻ വിജയം സ്വന്തമാക്കി.
ഇടതുവിങ്ങിലൂടെ കവോരു മിട്ടോമ നടത്തിയ മുന്നേറ്റത്തിൽ നിന്നാണ് ജപ്പാൻ കാത്തിരുന്ന ആദ്യ ഗോൾ പിറന്നത്. മിറ്റോമയിൽ നിന്ന് പന്ത് ബോക്സിനുള്ളിൽ ടകൂമി മിനാമിനോയിലേക്ക്. മിനാമിനോ പായിച്ച ഷോട്ട് ജർമൻ ഗോൾകീപ്പർ മാനുവൽ ന്യൂയർ തടഞ്ഞെങ്കിലും റീബൗണ്ടിൽ പന്തു ലഭിച്ച റിറ്റ്സു ഡൊവാൻ ഗോൾ ജർമൻ വലയിലെത്തിച്ചു. സ്കോർ 1–1.
സമനില ഗോൾ നേടിയ ജപ്പാൻ ശക്തരായി മാറി. എട്ടു മിനിറ്റിനുള്ളിൽ വീണ്ടും ജപ്പാനായി മറ്റൊരു പകരക്കാരൻ ലക്ഷ്യം കണ്ടു. 18–ാം നമ്പർ താരം ടകൂമോ അസാനോ ആയിരുന്നു വിജയഗോളിൻ്റെ അവകാശി. ഫ്രീകിക്കിൽ ജർമൻ ബോക്സ് ലക്ഷ്യമാക്കി കുതിച്ചുപാഞ്ഞ അസാനോ, തടയാനെത്തിയ ജർമൻ താരത്തെ മറികടന്ന് പന്ത് പായിച്ചു. സ്കോർ 2–1.
തുടർന്നുള്ള ഏഴു മിനിറ്റും ഇൻജുറി ടൈമായി അനുവദിച്ച ഏഴു മിനിറ്റും ജർമൻ ആക്രമണങ്ങളെ അക്ഷീണം പ്രതിരോധിച്ച ജപ്പാൻ, സൗദി അറേബ്യയ്ക്കു ശേഷം ഈ ലോകകപ്പിലെ രണ്ടാം അട്ടിമറി സ്വന്തം പേരിലാക്കി. 2018 ലോകകപ്പിൽ ആദ്യ റൗണ്ടിൽ പുറത്തായ ജർമനിക്ക്, ഖത്തറിലും പരാജയഭീതി.
ലോകകപ്പ് വേദിയിൽ ജർമനിയും ജപ്പാനും ആദ്യമായി കണ്ടുമുട്ടിയത് ഇന്നാണ്. മുൻപ് രണ്ടു തവണ സൗഹൃദ മത്സരങ്ങളിൽ ഇരു ടീമുകളും കണ്ടുമുട്ടിയപ്പോൾ രണ്ടു തവണയും ജർമനി ജയിച്ചുകയറി.
അവസാനം കളിച്ച അഞ്ച് ലോകകപ്പുകളിൽ നാലു തവണയും സെമിയിൽ കടന്ന ടീമാണ് ജർമനി. സെമിയിലെത്താതെ പോയത് 2018ൽ റഷ്യയിൽ നടന്ന ലോകകപ്പിൽ മാത്രം. അന്ന് ചരിത്രത്തിലാദ്യമായി ജർമ്മനി ആദ്യ റൗണ്ടിൽ പുറത്തായി. ദക്ഷിണ കൊറിയയോട് തോറ്റാണ് പുറത്തായത്. ജപ്പാനാകട്ടെ തുടർച്ചയായ ഏഴാം ലോകകപ്പാണിത്.