ലോകകപ്പിൽ ഇന്ന് സ്പെയിനും കോസ്റ്ററിക്കയും ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ കളി നിയന്ത്രിക്കാൻ മൂന്നു യുഎഇ സ്വദേശികളായ റഫറിമാരും. മുഹമ്മദ് അബദുല്ല, മുഹമ്മദ് അഹ്മദ് അൽ ഹമ്മാദി, ഹസൻ അൽ മുഹൈരി എന്നിവരാണ് ഫിഫ തെരഞ്ഞെടുത്ത യുഎഇ റഫറിമാർ. ഖത്തറിലെ അൽ തുമാമ സ്റ്റേഡിയത്തിൽ യുഎഇ സമയം രാത്രി എട്ടിനാണ് സ്പെയിനും കോസ്റ്ററിക്കയും തമ്മിലുള്ള മത്സരം.
ഫുട്ബോൾ ജീവശ്വാസമായി മൂന്നു സ്വദേശികൾക്കൊപ്പം വിവിധ രാജ്യങ്ങളിൽ നിന്നുള്ള അഞ്ചു റഫറിമാർ കൂടി സഹായികളായുണ്ടാകും. യുഎഇ റഫറിമാരുടെ ഖത്തറിലെ ആദ്യ അനുഭവമാണ് ഇന്ന് നടക്കുക. 1994, 1998, 2002, 2006, 2010, 2018 ലോകകപ്പുകളിലെല്ലാം റഫറിമാരായി യുഎഇ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. എങ്കിലും രണ്ടാം തവണയാണ് ഇവരൊന്നിച്ച് ലോകകപ്പിൽ വിധികർത്താക്കളായി ഇറങ്ങുന്നത്.
ലോകകപ്പുമായി ബന്ധപ്പെട്ട ശിൽപശാലയിൽ പങ്കെടുക്കാൻ ഇവർ നവംബർ 9 മുതൽ ദോഹയിലുണ്ട്. ജൂൺ 20 മുതൽ 22 വരെ സ്പെയിനിലായിരുന്നു റഫറിയായി തിരഞ്ഞെടുക്കുന്നതിനുള്ള കായികക്ഷമതാ പരിശോധന നടന്നത്.
ലോകകപ്പ് മൈതാനങ്ങളിൽ യുഎഇ ടീം ഇല്ലെങ്കിലും കളിക്കുന്നവർക്കിടയിൽ നീതിപൂർവം വിധി നിർണയിക്കാൻ ലഭിച്ച ഈ അവസരത്തെ വലിയ നേട്ടമായാണ് ഇവർ കാണുന്നത്.