51-ാമത് യുഎഇ ദേശീയ ദിനാഘോഷത്തിനുളള ഒരുക്കങ്ങൾ മുന്നോട്ട്. വിപുലമായ പരിപാടികളാണ് എമിറേറ്റുകളില്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഷാർജയിലെ യൂണിയൻ ദിനാഘോഷങ്ങൾ നവംബർ 24-ന് ആരംഭിച്ച് ഡിസംബർ 3ന് അവസാനിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഷാർജ എമിറേറ്റ് ആഘോഷ കമ്മിറ്റി ചെയർമാൻ ഖാലിദ് ബിൻ ജാസിം അൽ മിദ്ഫയാണ് ഇക്കാര്യം അറിയിച്ചത്.
താമസക്കാരും സന്ദർശകരും ഉൾപ്പടെ സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍പ്പെട്ടവരെ ഉൾപ്പെടുത്തിയാണ് ദേശീയദിനാഘോഷം സംഘടിപ്പിക്കുന്നത്. എമിറേറ്റ്സിന്റെ ചരിത്രം, സംസ്കാരം, പൈതൃകം എന്നിവ വ്യക്തമാക്കുന്ന തരത്തിലുളള വിവിധ പരിപാടികൾ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കും. സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും സഹകരണത്തോടെയാണ് ആഘോഷ പരിപാടികൾ നടക്കുക.
ഷാർജ നാഷണൽ പാർക്ക്, മ്ലീഹ പബ്ലിക് പാർക്ക്, അൽ മജാസ് തിയേറ്റർ, ഖോർഫക്കാൻ ആംഫി തിയറ്റർ എന്നിവിടങ്ങളിൽ അൽ-ഹോസ്ൻ ദ്വീപ്, കൽബയുടെ വിവിധ പ്രദേശങ്ങൾ, അൽ ബതൈയിലെ പൂന്തോട്ടങ്ങൾ, എന്നിവിടങ്ങളില്‍ സാംസാകാരി പരിപാടികൾ അരങ്ങേറും. സംഗീത സായാഹ്നങ്ങളും ഉണ്ടാകും.
ആഘോഷങ്ങളുടെ ഭാഗമായി പെതു- സ്വകാര്യ മേഖലകൾക്ക് ഡിസംബർ 1 മുതൽ 3 വരെ യുഎഇ അവധി പ്രഖ്യാപിച്ചിട്ടുണ്ട് . 4ാം തീയത് ഞായര്‍ കൂടി ചേര്‍ത്ത് നാല് ദിവസത്തെ അവധിയാണ് ലഭ്യമാവുക.