ജന്മനാ ശരീരത്തെ ബാധിച്ച സെറിബ്രൽ പാൾസി എന്ന രോഗത്തെ മറികടന്ന് സിനിമ സംവിധായകനായ യുവാവിന് അഭിനന്ദന പ്രവാഹം. കൊട്ടാരക്കര സ്വദേശി രാകേഷ് കൃഷ്ണൻ കുരമ്പാലയാണ് പ്രമുഖരുടെ അഭിനന്ദനം ഏറ്റുവാങ്ങുന്നത്. രാകേഷ് സംവിധാനം ചെയ്ത സിനിമ കളം@24 തിയേറ്ററുകളിലെത്തി.
അസുഖം മൂലം ജീവിതത്തിൽ നേരിട്ട എല്ലാ പ്രതിസന്ധികളോടും പോരാടിയാണ് രാകേഷ് കഥയെഴുതി സിനിമ സംവിധാനം ചെയ്തത്. കൂട്ടുകാരുടേയും വീട്ടുകാരുടേയും പിന്തുണ കൂടിയായപ്പോൾ ശ്രമം വിജയം കണ്ടു. ലോക സിനിമയിൽ തന്നെ സെറിബ്രൽ പാൾസിയെ മറികടന്ന് കൊണ്ട് സിനിമയെടുത്ത മറ്റാരെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ലെന്നാണ് രാകേഷിനെ അഭിനന്ദിച്ചുകൊണ്ടുളള സോഷ്യൽ മീഡിയ കമൻ്റുകൾ.
പഠനകാലത്തുതന്നെ അഞ്ച് ആല്‍ബവും മൂന്ന് ഹ്രസ്വചിത്രവും ചെയ്ത് രാകേഷ് ശ്രദ്ധേയനായിരുന്നു. കേള്‍വിക്കുറവും സംസാരിക്കുവാനുള്ള പ്രയാസവും നടക്കാനുള്ള ബുദ്ധിമുട്ടുമൊന്നും വകവയ്ക്കാതെ ചരിത്രത്തില്‍ ബിരുദവും കംപ്യൂട്ടര്‍ ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട് ഇദ്ദേഹം.
ചിത്രത്തിനും രാകേഷിനും സംസ്ഥാന സാംസ്കാരിക വകുപ്പിൻ്റെ എല്ലാ പിന്തുണയും ഉണ്ടെന്ന് മന്ത്രി സജി ചെറിയാനും അറിയിച്ചിട്ടുണ്ട്. സിനിമലോകത്തെ പ്രമുഖരും രാകേഷിന് പിന്തുണ അറിയിച്ചു. ഒന്നരവര്‍ഷംകൊണ്ട് രാഗേഷ് സിനിമ പൂർത്തിയാക്കിയത്. പന്തളം കുരമ്പാല കാര്‍ത്തികയില്‍ രാധാകൃഷ്ണക്കുറുപ്പിൻ്റേയും മുന്‍ പന്തളം ഗ്രാമപ്പഞ്ചായത്തംഗം രമ കുറുപ്പിൻ്റേയും മകനാണ്.