വയലിനിസ്റ്റ് ബാലഭാസ്‌കറിനെ കൊന്നതാണെന്ന നിലപാടിൽ ഉറച്ചുനിന്ന് പിതാവ് കെ.സി ഉണ്ണി. സ്വർണക്കടത്ത് മാഫിയയാണ് മകൻ്റെ മരണത്തിന് പിന്നിലെന്നും കെ.സി ഉണ്ണി മാധ്യമങ്ങളോട് പറഞ്ഞു. കേസിൽ നീതി ലഭിച്ചില്ലെന്നും എങ്ങും തൊടാതെയുള്ള അന്വേഷണ റിപ്പോർട്ടാണ് സിബിഐ കൊടുത്തിരിക്കുന്നതെന്നും കെ.സി ഉണ്ണി വ്യക്തമാക്കി.
അപകടസമയത്ത് ബാലഭാസ്കറിൻ്റെ ഡ്രൈവറായിരുന്ന അർജ്ജുൻ പെരിന്തൽമണ്ണ സ്വർണക്കവർച്ച കേസിൽ അർജുൻ പ്രതിയായ സാഹചര്യത്തിലാണ് കെ.സി ഉണ്ണി മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. അർജുൻ നേരത്തെതന്നെ ക്രിമിനൽ കേസുകളിലെ പ്രതിയാണ്. അപകടത്തിന് ശേഷമാണ് അയാളുടെ കേസുകളെക്കുറിച്ച് അറിഞ്ഞത്. പുതിയ കേസിൽ അർജുൻ പൊലീസിൻ്റെ പിടിയിലായതോടെ ബാലുവിൻ്റെ മരണത്തിന് പിന്നിലെ സത്യങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷയെന്നും കെസി ഉണ്ണി പറഞ്ഞു.
ഇതിനിടെ അർജ്ജുൻ ഒരുകോടി 30 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ത്യശൂർ എംഐസിറ്റിയിൽ കേസ് കൊടുത്തിരുന്നു. ബാലഭാസ്കറിൻ്റെ മരണത്തിന് പിന്നിൽ വലിയൊരു സംഘമുണ്ട്. പുതിയ കേസിൻ്റെ പശ്ചാത്തലത്തിൽ നിയമനടപടി ആലോചിക്കുമെന്നും കെ.സി ഉണ്ണി കൂട്ടിച്ചേർത്തു. കഴിഞ്ഞ ഒക്ടോബറിലാണ് ബാലഭാസ്ക്കർ മരിച്ച് 6 വർഷം പൂർത്തിയായത്.