ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ ടോൾ ഗേറ്റുകളാണ് നാളെ (നവംബർ 24) തുറക്കുക.
അൽ ഖൈൽ റോഡിലെ ബിസിനസ് ബേ ക്രോസിംഗിലും അൽ മൈദാൻ സ്ട്രീറ്റിനും ഉമ്മുൽ ഷെയ്ഫ് സ്ട്രീറ്റിനും ഇടയിലുള്ള ഷെയ്ഖ് സായിദ് റോഡിലെ അൽ സഫ സൗത്തിലും സ്ഥിതി ചെയ്യുന്ന ഈ രണ്ട് പുതിയ ടോൾ ഗേറ്റുകൾ കൂടി പ്രവർത്തനക്ഷമമാകുന്നതോടെ ദുബായിലെ സാലിക് ഗേറ്റുകളുടെ എണ്ണം എട്ടിൽ നിന്ന് 10 ആയി ഉയർത്തും.
പുതിയ ഗേറ്റുകൾ ട്രാഫിക്ക് 16 ശതമാനം വരെ കുറയ്ക്കുമെന്ന് സാലിക് സിഇഒ ഇബ്രാഹിം അൽ ഹദ്ദാദ് പറഞ്ഞു. ബിസിനസ് ബേ ക്രോസിംഗ് ഗേറ്റ് തുറക്കുന്നതോടെ അൽ ഖൈൽ റോഡിൽ 12 മുതൽ 15 ശതമാനം വരെയും അൽ റബാത്ത് സ്ട്രീറ്റിൽ 10 മുതൽ 16 ശതമാനം വരെയും ഗതാഗതക്കുരുക്ക് കുറയുകയും ചെയ്യും.
അൽ സഫ സൗത്ത് ഗേറ്റ് തുറക്കുന്നതോടെ ഷെയ്ഖ് സായിദ് റോഡിൽ നിന്ന് മൈദാൻ സ്ട്രീറ്റിലേക്കുള്ള വലത്തോട്ടുള്ള ട്രാഫിക് വോളിയത്തിൽ 15 ശതമാനം കുറവ് വരും. അതോടൊപ്പം ഫിനാൻഷ്യൽ സെൻ്റർ സ്ട്രീറ്റിനും മെയ്ഡാൻ സ്ട്രീറ്റിനും ഇടയിലുള്ള ഗതാഗതം മെച്ചപ്പെടുകയും ചെയ്യും.