കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്. രാഹുൽഗാന്ധി 2021-ൽ നേടിയ ഭൂരിപക്ഷത്തെ മറികടന്നാണ് പ്രിയങ്കയുടെ വിജയം. വോട്ടെണ്ണലിന്റെ തുടക്കം മുതൽ തന്നെ ലീഡ് നിലനിർത്തിയ പ്രിയങ്ക ചരിത്ര വിജയത്തോടാണ് അടുത്തിരിക്കുന്നത്. വയനാട്ടിൽ വോട്ടെണ്ണൽ പൂർത്തിയായിട്ടില്ല.
അതേസമയം, പാലക്കാട്ടും യുഡിഎഫിന് ഉജ്ജ്വല വിജയമാണ് ലഭിച്ചത്. നിയമസഭ തിരഞ്ഞെടുപ്പിലെ ഷാഫി പറമ്പിലിൻ്റെ ഭൂരിപക്ഷത്തെ അപ്രസക്തമാക്കി 18,840 വോട്ടുകൾക്കാണ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജയം. നഗരമേഖലകളിലടക്കം ബിജെപിയുടെ ശക്തി കേന്ദ്രങ്ങളിൽ വ്യക്തമായ ആധിപത്യം നേടിയാണ് രാഹുൽ മുന്നേറിയത്. വാശിയേറിയ രാഷ്ട്രീയപ്പോരാട്ടത്തിൽ ബിജെപിയുടെ സി. കൃഷ്ണകുമാറാണ് രണ്ടാം സ്ഥാനത്തെത്തിയത്.
ഒന്നാം റൗണ്ടിൽ കൃഷ്ണകുമാർ ലീഡ് ചെയ്തു. രണ്ടാം റൗണ്ടിൽ രാഹുൽ ലീഡ് പിടിച്ചെങ്കിലും മൂന്നാം റൗണ്ടിൽ വീണ്ടും കൃഷ്ണകുമാർ ലീഡ് പിടിച്ചു. അഞ്ചാം റൗണ്ടിലാണ് രാഹുൽ ആധിപത്യം ഉറപ്പിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥി പി. സരിൻ മൂന്നാമതാണ്.
അതേസമയം, ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യു.ആർ പ്രദീപിൻ്റെ വിജയം 12,201 വോട്ടുകൾക്കാണ്. വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ മുതൽ പ്രദീപ് വ്യക്തമായ ലീഡ് നിലനിർത്തിയിരുന്നു. യുഡിഎഫിൻ്റെ രമ്യാ ഹരിദാസിന് ഇവിടെ ഒരു ചലനവും സൃഷ്ടിക്കാനായില്ല. ഒരു ഘട്ടത്തിൽ പോലും യു.ആർ പ്രദീപിനെ വെല്ലുവിളിക്കാൻ രമ്യ ഹരിദാസിന് കഴിഞ്ഞില്ലെന്നതാണ് വസ്തവം.