താരസംഘടനയായ ‘അമ്മ’യെ നയിക്കാൻ ഇനി മോഹൻലാൽ എത്തില്ല. അമ്മ ഭാരവാഹിയാകാൻ താൻ ഇല്ലെന്ന് മോഹൻലാൽ അറിയിച്ചു. സംഘടനയുടെ ഭാരവാഹിത്വം ഏൽക്കേണ്ടെന്ന് സുഹൃത്തുക്കളും കുടുംബവും താരത്തിനോട് പറഞ്ഞതായാണ് റിപ്പോർട്ട്.
അതേസമയം, പഴയ ഭരണസമിതി വീണ്ടും വരുമെന്ന് സുരേഷ് ഗോപി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മാത്രമല്ല, മുൻ വൈസ് പ്രസിഡന്റ് ജയൻ ചേർത്തലയും ഇത്തരത്തിൽ പറഞ്ഞിരുന്നു. എന്നാൽ അമ്മയുടെ തലപ്പത്തേയ്ക്ക് മോഹൻലാൽ എത്തില്ലെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. ഇതിനിടെ അമ്മയുടെ പുതിയ ഭാരവാഹികളെ ഉടൻ തിരഞ്ഞെടുക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും അടുത്ത ജൂണിൽ മാത്രമേ ഇത് നടക്കാൻ സാധ്യതയുള്ളൂ. ഒരു വർഷത്തേക്ക് താൽക്കാലിക കമ്മിറ്റിയാണ് ചുമതല വഹിക്കുക. അതിനുശേഷം അമ്മ ജനറൽ ബോഡി യോഗം ചേർന്നു പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് അമ്മയിൽ കൂട്ടരാജിയുണ്ടായത്. ഹേമ കമ്മിറ്റി റിപ്പോർട്ടിനെത്തുടർന്നുള്ള സംഭവങ്ങൾ എല്ലാവർക്കും തുറന്നു സംസാരിക്കാനുള്ള അവസരമാണെന്നും അഭിനേതാക്കളുടെ സംഘടനയായ അമ്മയെ മാത്രം ഇതിൽ ക്രൂശിക്കുന്നത് ശരിയല്ലെന്നും മോഹൻലാൽ മുമ്പ് പറഞ്ഞിരുന്നു. കൃത്യമായ തെളിവുണ്ടെങ്കിൽ കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം. ആയിരങ്ങൾ ജോലി ചെയ്യുന്ന മലയാള സിനിമ വ്യവസായത്തെ വിവാദങ്ങളിലൂടെ തകർക്കരുതെന്നും മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.