ഐപിഎൽ 2025 സീസണിൽ ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസൺ ഉൾപ്പെടെ നാല് താരങ്ങളെ നിലനിർത്തി രാജസ്ഥാൻ റോയൽസ്. മെഗാ ലേലത്തിന് മുന്നോടിയായാണ് തീരുമാനം. സഞ്ജുവിനെ കൂടാതെ യശസ്വി ജയ്സ്വാൾ, റിയാൻ പരാഗ്, സന്ദീപ് ശർമ എന്നിവരെയാണ് ടീമിൽ രാജസ്ഥാൻ നിലനിർത്തിയതെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ സീസണുകളിൽ ടീമിനായി നൽകിയ സംഭാവനകൾ പരിഗണിച്ചാണ് സഞ്ജു ഉൾപ്പെടെയുള്ള താരങ്ങളെ രാജസ്ഥാൻ നിലനിർത്തിയത്. എന്നാൽ താരങ്ങളുടെ പട്ടിക രാജസ്ഥാൻ റോയൽസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
നിലനിർത്തുന്ന താരങ്ങളുടെ പട്ടിക സമർപ്പിക്കേണ്ട അവസാന ദിവസം ഇന്നാണ്. ഓരോ ടീമുകൾക്കും ആറ് താരങ്ങളെയാണ് നിലനിർത്താൻ സാധിക്കുക. ലേലത്തിൽ കളിക്കാർക്ക് വേണ്ടി ഒരു ടീമിന് ചെലവഴിക്കാവുന്ന ആകെത്തുക 120 കോടിയായി ഉയർത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷംവരെ ഇത് 100 കോടിയായിരുന്നു.