ദക്ഷിണാഫ്രിക്കയിൽ നടക്കാനിരിക്കുന്ന ടി-20 പരമ്പരയിൽ വിവിഎസ് ലക്ഷ്മൺ ഇന്ത്യൻ ടീമിൻ്റെ മുഖ്യപരിശീലകനാകും. നിലവിലെ കോച്ച് ഗൗതം ഗംഭീർ ബോർഡർ-ഗവാസ്‌കർ ട്രോഫിക്കായി ഓസ്‌ട്രേലിയയിലേക്ക് പോകുന്നതിനാലാണ് ലക്ഷ്മണിന് താൽക്കാലികമായി ചുമതല കൈമാറുന്നത്.ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്.
ദേശീയ ക്രിക്കറ്റ് അക്കാദമി (എൻസിഎ) സ്റ്റാഫ് അംഗങ്ങളായ സായിരാജ് ബഹുതുലെ, ഹൃഷികേശ് കനിത്കർ, ശുഭദീപ് ഘോഷ് എന്നിവരും ഒപ്പം ഉണ്ടാകും. നവംബർ 8 മുതൽ 15 വരെ ഡർബൻ, ഗ്കെബെർഹ, സെഞ്ചൂറിയൻ, ജോഹന്നാസ്ബർഗ് എന്നിവിടങ്ങളിലായി നാല് ടി-20 മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്.
മുമ്പും വിവിഎസ് ലക്ഷ്മൺ ഇന്ത്യയുടെ പരിശീലക കുപ്പായം അണിഞ്ഞിട്ടുണ്ട്.2022 ജൂണിൽ നടന്ന അയർലൻഡിനെതിരാ ടി-20 പരമ്പരയിലാണ് ആദ്യം ലക്ഷ്മൺ പരിശീലക കുപ്പായം അണിഞ്ഞത്. 2024 ജൂലൈയിൽ സിംബാബ്‍വെ പരമ്പരയിലാണ് അവസാനമായി ഇന്ത്യൻ ടീമിനെ പരിശീലിപ്പിച്ചത്. 2021 മുതൽ താരം ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ഭാഗമാണ്.
പരമ്പരയിൽ മലയാളി താരം സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, റിങ്കു സിങ് എന്നിവരും ഉൾപ്പെട്ടിട്ടുണ്ട്. സൂര്യകുമാർ യാദവാണ് ടീമിനെ നയിക്കുന്നത്.