ട്വന്റി 20 ലോകകപ്പ് ഫൈനല്‍ കാണാതെ ഇന്ത്യ പുറത്ത്. സെമിയില്‍ ഇംഗ്ലണ്ടിനോട് പത്തുവിക്കറ്റിന് തോറ്റു. സ്കോര്‍ – ഇന്ത്യ 20 ഓവറില്‍ ആറിന് 168, ഇംഗ്ലണ്ട് 16 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ 170. ഇതോടെ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇംഗ്ളണ്ട് – പാകിസ്ഥാനെ നേരിടും.
ഇന്ത്യ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം ഇംഗ്ലണ്ട് വെറും 17 ഓവറില്‍ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ മറികടക്കുകയായിരുന്നു. ഓപ്പണര്‍മാരായ ജോസ് ബട്ലറും അലക്സ് ഹെയ്ല്‍സുമാണ് ഇംഗ്ലണ്ടിന് കൂറ്റന്‍ വിജയം സമ്മാനിച്ചത്. തുടക്കം മുതല്‍ ഇംഗ്ളീഷ് ഓപ്പണര്‍മാര്‍ ആക്രമിച്ച് കളിച്ചു. ആദ്യ അഞ്ചോവറില്‍ തന്നെ 52 റണ്‍സാണ് ഇരുവരും ചേര്ന്നെുടുത്തു. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 63 റണ്‍സ് എന്ന നിലയിലായിരുന്നു. . 10.2 ഓവറില്‍ കൂട്ടുകെട്ട് നൂറ് കടന്നു. 36 പന്തുകളില്‍ ഇംഗ്ലീഷ് നായകന് അര്‍ധശതകം കുറിച്ചതിന് പിന്നാലെ ഇംഗ്ലണ്ട് സ്കോര്‍ 150 കടത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ഇന്ത്യയെ ഇംഗ്ളണ്ട് ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഇന്ത്യയ്ക്കായി കോലി, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. 50 റണ്‍സെടുത്തതോടെ കോലി മടങ്ങി. ഇതിനിടെ സ്കോര്‍ 42ല്‍ എത്തിയപ്പോൾ കോലി ട്വിന്റി -20യില്‍ 4000 റണ്‍സ് പിന്നിടുന്ന ആദ്യ താരമായി. 18-ാം ഓവറില്‍ കോലി മടങ്ങിയതിനു പിന്നാലെ പാണ്ഡ്യ സ്കോറിംഗ് വേഗം കൂട്ടിയെങ്കിലും റണ്‍സ് 168ല്‍ ഒതുങ്ങി. രോഹിത് ശര്‍മ 27 റണ്‍സും സൂര്യകുമാര്‍ യാദവ് 14 റണ്‍സെടുത്തു. 5 റണ്‍സെടുത്ത ലോകേഷ് രാഹുലിന് ഇന്ത്യയ്ക്ക് തുടക്കത്തില്‍തന്നെ നഷ്ടപ്പെട്ടിരുന്നു.