യുവാക്കളുടെ താരാരാധന പലപ്പോഴും പ്രവചനാതീതമാണ്. പ്രിയ താരങ്ങളെ ഒരു നോക്ക് നേരിൽ കാണുന്നതിനായി എത്ര ത്യാഗം സഹിക്കാനും പല ആരാധകരും തയ്യാറാണ്. അത്തരത്തിൽ തന്റെ ഇഷ്ട താരമായ അല്ലു അർജുനെ കാണാൻ 1,600 കിലോമീറ്ററിലധികം സൈക്കിൾ ചവിട്ടിയെത്തിയിരിക്കുകയാണ് ഒരു ആരാധകൻ.
അലിഗഡ് സ്വദേശി മോഹിത് ആണ് കഥയിലെ താരം. ഉത്തർപ്രദേശിലെ അലിഗഢിൽ നിന്ന് ഹൈദരാബാദിലേക്കാണ് അല്ലുവിനെ കാണാൻ മോഹിത് സൈക്കിളിൽ എത്തിയത്. ഇത്രയും ത്യാഗം സഹിച്ച് തന്നെ കാണാനെത്തിയ ആരാധകനെ വളരെ സ്നേഹത്തോടെ സ്വീകരിച്ച അല്ലു മോഹിതിന്റെ സൈക്കിൾ സവാരിയുടെ കഥ വളരെ അത്ഭുതത്തോടെയാണ് കേട്ടത്.
ഒടുവിൽ മോഹിതിന് തിരികെ നാട്ടിലേയ്ക്ക് പോകാനായി ഫ്ലൈറ്റിന് ടിക്കറ്റെടുത്ത് നൽകുകയായിരുന്നു അല്ലു. അല്ലുവിന്റെ ഓഫർ ആദ്യം മോഹിത് നിരസിച്ചെങ്കിലും പിന്നീട് സമ്മതിക്കുകയും ചെയ്തു. തന്റെ പ്രിയപ്പെട്ട ആരാധകന് ഒരു സമ്മാനവും നൽകിയാണ് താരം യാത്രയാക്കിയത്. തന്നെ കാണാനെത്തിയ ആരാധകനോട് വളരെ സ്നേഹത്തോടെ പെരുമാറിയ അല്ലുവിന്റെ ഇടപെടൽ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്.