സമൂഹമാധ്യമങ്ങളിൽ വൈറൽ ആകാൻ കൂടുതൽ സമയം ചെലവഴിച്ചെന്നാരോപിച്ച് യുവതിയെ ഭർത്താവ് കഴുത്തുഞ്ഞെരിച്ച് കൊലപ്പെടുത്തി. യുവതി നിരന്തരം റീൽസുണ്ടാക്കി പോസ്റ്റ് ചെയ്യുന്നതും ആരാധകരുടെ എണ്ണം വർധിക്കുന്നതുമാണ് ഭർത്താവിനെ പ്രകോപിപ്പിച്ചത്. പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തു.
തമിഴ്നാട്ടിലെ തിരുപ്പൂരിലാണ് സംഭവം. ഡിണ്ഡിഗൽ സ്വദേശിയായ 38 വയസുകാരൻ അമൃതലിംഗമാണ് ഭാര്യ ചിത്രയെ കൊലപ്പെടുത്തിയത്. പച്ചക്കറി മാർക്കറ്റിൽ ജോലിചെയ്യുന്ന ഇയാൾ കുടുംബവുമൊത്ത് തിരുപ്പൂരിലെ സെല്ലംനഗറിലായിരുന്നു താമസം. ചിത്രയ്ക്ക് ഒരു തുണി ഫാക്ടറിയിലായിരുന്നു ജോലി. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലുമെല്ലാം ചിത്ര സജീവമായിരുന്നു. റീൽസുണ്ടാക്കി പോസ്റ്റ് ചെയ്യുന്ന കാരണത്തിന് നിരവധി തവണ ഇരുവരും തമ്മിൽ പ്രശ്നമുണ്ടായിട്ടുണ്ട്.
ഇതിനിടെ ചിത്രയ്ക്ക് ഫോളോവേഴ്സിൻ്റെ എണ്ണം കൂടിയതോടെ അഭിനയ മോഹവും ഉണർന്നു. മൂന്നു ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ടായിരുന്ന ചിത്ര സിനിമയിൽ അവസരം തേടി രണ്ട് മാസം മുമ്പ് ചെന്നൈയ്ക്ക് പോയിരുന്നു.
മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായി കഴിഞ്ഞ ആഴ്ച ചിത്ര തിരുപ്പൂരിൽ തിരിച്ചെത്തി. വിവാഹം കഴിഞ്ഞതോടെ വീണ്ടും ചെന്നൈയിലേക്ക് പോകാനൊരുങ്ങിയപ്പോൾ അമൃതലിംഗം വിസമ്മതിച്ചു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കായി. തുടർന്ന് ഷാള്‍ കൊണ്ട് കഴുത്തുമുറുക്കി ഇയാൾ ചിത്രയെ കൊലപ്പെടുത്തുകയായിരുന്നു.
ചലനമറ്റ് ചിത്ര വീണതോടെ അമൃതലിംഗം ഭയന്നോടി മകളുടെ അടുത്തെത്തി താൻ അമ്മയെ അടിച്ചെന്ന് പറഞ്ഞു. മകൾ വീട്ടിലെത്തിയപ്പോൾ ചിത്രയെ മരിച്ച നിലയിൽ കാണുകയായിരുന്നു. ഉടൻ തന്നെ പൊലീസിൽ അറിയിച്ചെങ്കിലും ഒളിവിൽ പോയ അമൃതലിംഗത്തെ പെരുമനെല്ലൂരിൽ നിന്നാണ് പൊലീസ് പിടികൂടിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.