ലോകത്തെ ഭയപ്പെടുത്തും വിധം കാര്‍ബണ്‍ ബഹിര്‍ഗമനവും ആഗോളതാപനവും ഉയരുകയാണെന്ന് ഈജിപ്തിലെ ഷ്രം അൽഷെയ്‌ക്കിൽ നടക്കുന്ന ഐക്യരാഷ്‌ട്ര സംഘടനയുടെ 27-ാമത് വാർഷിക കാലാവസ്ഥ ഉച്ചകോടി. അടിയന്തര ഇടപെടലുകൾ ആവശ്യമാണെന്ന നിഗമനത്തിലാണ് ചര്‍ച്ചകൾ പുരോഗമിക്കുന്നത്.
ലോകം നാശത്തിന്‍റെ പാതയിലാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കി. അന്തരീക്ഷ മലിനീകരണം തിരിച്ചുപിടിക്കാനാകാത്ത വിധം ഉയര്‍ന്നു. . സഹകരിക്കുക അല്ലെങ്കിൽ നശിക്കുക എന്നതാണ് മുന്നിലുള്ള വഴിയെന്നും യുഎൻ സെക്രട്ടറി പറഞ്ഞു. ജൈവ ഇന്ധന കമ്പനികൾക്ക് വൻ നികുതി ചുമത്തണമെന്നും പ്രകൃതി ദുരന്തങ്ങളും ദാരിദ്ര്യവും നേരിടുന്ന രാജ്യങ്ങൾക്ക് ഈ തുക വീതിച്ചുനല്‍കണമെന്നും അദ്ദേഹം ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് അഭിപ്രായപ്പെട്ടു.
പ്രതിജ്ഞകളുടെ കാലം കഴിഞ്ഞെന്നും ഇത് പ്രവൃത്തിക്കേണ്ട സമയമാണെന്നും ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഈജിപ്‌ത് പ്രസിഡന്റ് അബ്‌ദുൽ ഫത്ത അൽസിസി വ്യക്തമാക്കി. നമുക്കെല്ലാവര്‍ക്കും ഒരൊറ്റ ഗ്രഹമാണുളളതെന്നും പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്തുന്നതിന് അന്താരാഷ്ട്ര സമൂഹം സഹകരിക്കണമെന്നും യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നെഹ്യാന്‍ ആഹ്വാനം ചെയ്തു.
ഇതിനിടെ ഉച്ചകോടിയ്ക്കെതിരേ ശക്തമായ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഉച്ചകോടി ഗ്രീൻവാഷാണെന്നാണ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗിന്റെ വിമര്‍ശനം. യുക്രൈന്‍ – റഷ്യ സൈനിക നടപടി മറയാക്കി പല രാജ്യങ്ങളും കാലാവസ്ഥാ പ്രവർത്തനത്തിനുള്ള തുക വെട്ടിക്കുറച്ചതും ചര്‍ച്ചയായി. ബ്രിട്ടൻ, അമേരിക്ക, ഫ്രാൻസ്, ജോർദാൻ, തുടങ്ങി 190 രാജ്യങ്ങളിലെ പ്രതിനിധികൾ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ഉച്ചകോടി 18 ന് സമാപിക്കും. 1995 മുതല്‍ എല്ലാ വർഷവും ഉച്ചകോടി സംഘടിപ്പിക്കാറുണ്ട്.