രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 155-ാമത് ജന്മദിനാഘോഷങ്ങളിൽ രാജ്യം. രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കർ ഓം ബിർല, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി തുടങ്ങിയവർ രാജ് ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി.
മഹാത്മാ ഗാന്ധിയുടെ ജീവിതം എന്നും പ്രചോദനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്ഘട്ടിൽ മഹാത്മ ഗാന്ധിയുടെ സമാധിയിൽ പുഷ്പാർച്ചന നടത്തിയ ശേഷം എക്സ്‌സിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. “എല്ലാവർക്കും വേണ്ടി ബാപ്പുവിന് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ അഭിവാദ്യങ്ങൾ. സത്യത്തിലും ഐക്യത്തിലും സമത്വത്തിലും അധിഷ്ഠിതമായ അദ്ദേഹത്തിന്റെ ജീവിതവും ആദർശങ്ങളും എന്നും പ്രചോദനമായി നിലനിൽക്കും” എന്നാണ് മോദി കുറിച്ചത്.
വൈകിട്ട് വരെ രാജ്ഘട്ടിൽ സർവമത പ്രാർത്ഥന തുടരും. മോദി സ്വച്ഛ് ഭാരത് മിഷൻ്റെ വർഷം തികയുന്ന ഇന്ന് 9,600 കോടി രൂപയുടെ ശുചിത്വ പദ്ധതികൾക്ക് തുടക്കം കുറിക്കും.