മികച്ച ഹോക്കി താരത്തിന് അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ നൽകുന്ന പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇടംനേടി മലയാളി താരം പി.ആർ ശ്രീജേഷും ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങും. പാരീസ് ഒളിമ്പിക്സ് ഉൾപ്പെടെയുള്ള മത്സരങ്ങളിലെ പ്രകടനമാണ് ഇരുവരെയും പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയിൽ സ്ഥാനം പിടിക്കാൻ സഹായിച്ചത്.
മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരത്തിനാണ് ശ്രീജേഷിനെ പരിഗണിക്കുന്നത്. വിദഗ്ധ സമിതിയും കളിക്കാരും മാധ്യമപ്രവർത്തകരും ദേശീയ ഹോക്കി അസോസിയേഷനുകളും ഉൾപ്പെട്ട വോട്ടെടുപ്പിലൂടെയാണ് ജേതാക്കളെ തിരഞ്ഞെടുക്കുക.
നെതർലന്റ്സിന്റെ തിയറി ബ്രിങ്ക്മാൻ, ജോയെപ് ഡി മോൾ, ഹാൻസ് മുള്ളർ (ജർമനി), സാക് വാലസ് (ഇംഗ്ലണ്ട്) എന്നിവരാണ് മികച്ച താരത്തിനുള്ള പുരസ്കാരത്തിന് ഹർമൻപ്രീതുമായി മത്സരിക്കുന്നത്. അതേസമയം പിർമിൻ ബ്ലാക് (നെതർലൻഡ്സ്), ലൂയിസ് കാൾസാഡോ (സ്പെയിൻ), ജീൻ പോൾ ഡാൻബെർഗ് (ജർമനി), തോമസ് സാൻ്റിയാഗോ (അർജന്റീന) എന്നിവരാണ് ശ്രീജേഷുമായി കൊമ്പുകോർക്കുന്നത്.