ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ അമ്മയിലെ ഭാരവാഹികൾ രാജിവെച്ച സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് നടി പത്മപ്രിയ. അമ്മയ്ക്ക് തലയും നട്ടെല്ലുമില്ലെന്നും നിരുത്തരവാദപരമായ നടപടിയാണ് അമ്മയിലെ ഭരണ സമിതിയുടെ രാജിയെന്നുമാണ് പത്മപ്രിയ തുറന്നടിച്ചത്. അതോടൊപ്പം സിനിമയിൽ പവർ ഗ്രൂപ്പുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
“അമ്മയിലെ കൂട്ടരാജി പ്രതീക്ഷിച്ചിരുന്നില്ല. എന്ത് ധാർമികത ഉയർത്തിയാണ് രാജിയെന്ന് മനസിലാകുന്നില്ല. ആരെല്ലാം നിഷേധിച്ചാലും സിനിമയിൽ പവർ ഗ്രൂപ്പുണ്ട്. വെറുമൊരു ആരോപണം എന്ന നിലയിലാണ് ഇപ്പോഴത്തെ സംഭവങ്ങളെ സിനിമ സംഘടനകൾ കാണുന്നത്. അധികാരശ്രേണി ഉള്ളതുകൊണ്ടാണ് അതിക്രമം നടക്കുന്നത്. അക്കാര്യം ആരും പരിഗണനക്ക് എടുക്കുന്നില്ല. സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ച് ഒന്നുമറിയില്ലെന്ന സൂപ്പർ താരങ്ങളുടെ പ്രതികരണത്തിൽ നിരാശയുണ്ട്. ഒന്നുമറിയില്ലെങ്കിൽ എല്ലാമറിയാനുള്ള ശ്രമം അവർ നടത്തട്ടെ.
ഡബ്ല്യു.സി.സി അംഗങ്ങൾ പോയി കണ്ടതിന് പിന്നാലെ മുഖ്യമന്ത്രി ഹേമ കമ്മിറ്റിയെ നിയോഗിച്ചുവെന്നത് വലിയ കാര്യമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് നാലര വർഷം പുറത്തു വിടാതിരുന്നതിന് സംസ്ഥാന സർക്കാർ മറുപടി പറയണം. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാൽ മാത്രം പോര. കമ്മിറ്റി ശിപാർശകളിൽ എന്ത് നടപടികൾ സ്വീകരിക്കുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല” എന്നാണ് പത്മപ്രിയ പറഞ്ഞത്.