യുഎഇയിൽ രണ്ട് മാസത്തെ പൊതുമാപ്പ് ആരംഭിച്ച സാഹചര്യത്തിൽ സേവന കേന്ദ്രങ്ങളിൽ ജനത്തിരക്ക് വർധിക്കുകയാണ്. എല്ലാ എമിറേറ്റുകളിലും അധികൃതർ പൊതുമാപ്പ് സേവന കേന്ദ്രങ്ങൾ സജീകരിച്ചിട്ടുണ്ട്. വിസാ നിയമം ലംഘിച്ചവർക്ക് നടപടികൾ പൂർത്തിയാക്കി താമസം നിയമവിധേയമാക്കുകയോ രാജ്യം വിടുകയോ ചെയ്യാനുള്ള അവസരമാണ് അധികൃതർ ഇതുവഴി ഒരുക്കുന്നത്.
ദുബായ് അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിൽ തിരക്കേറുകയാണ്. അനധികൃതമായി യുഎഇയിൽ തങ്ങിയ നൂറുകണക്കിനാളുകളാണ് രണ്ട് ദിവസമായി കേന്ദ്രത്തിലേയ്ക്ക് എത്തുന്നത്. ഇതിനോടകം നിരവധി പേർക്ക് സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങാനുള്ള ഔട്ട് പാസും ലഭിച്ചിട്ടുണ്ട്. പിഴയൊന്നും കൂടാതെ നാട്ടിലേക്ക് മടങ്ങാൻ കഴിഞ്ഞതിന്റെ സംതൃപ്തിയിലാണ് ആനുകൂല്യം ലഭിച്ചവർ.
പൊതുമാപ്പ് ആരംഭിച്ച സെപ്റ്റംബർ 1ന് പൊതുവേ കേന്ദ്രങ്ങളിൽ ജനത്തിരക്ക് കുറവായിരുന്നെങ്കിലും ഇന്നലെയും ഇന്നും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അവീർ ഇമിഗ്രേഷൻ കേന്ദ്രത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം പ്രത്യേകമായി രണ്ട് ടെന്റുകൾ നടപടിക്രമങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്. 2,000 പേരെ ഉൾക്കൊള്ളാവുന്ന കേന്ദ്രത്തിൽ വിരലടയാളം ശേഖരിക്കാനും നിരവധി കൗണ്ടറുകളുണ്ട്. ഇന്ത്യൻ എംബസിയും കോൺസുലേറ്റും ഇന്ത്യൻ പ്രവാസികൾക്ക് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.