യുഎഇയിൽ നവജാത ശിശുക്കളുടെ മെഡിക്കൽ പരിശോധനയ്ക്കായി പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കാനൊരുങ്ങി യുഎഇ. രാജ്യത്ത് ജനിക്കുന്ന കുഞ്ഞുങ്ങളുടെ മെഡിക്കൽ പരിശോധനാ നടപടിക്രമങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് നടപടിയെന്ന് ആരോഗ്യ- പ്രതിരോധ മന്ത്രാലയം (മൊഹാപ്) വ്യക്തമാക്കി.
രാജ്യത്തെ എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളിലും നവജാത ശിശുക്കളുടെ സ്ക്രീനിങ്ങിനുള്ള പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കുമെന്നാണ് അധികൃതർ പ്രഖ്യാപിച്ചത്. ആവശ്യമായ ലബോറട്ടറി, ക്ലിനിക്കൽ ടെസ്റ്റുകളുടെ ലിസ്റ്റ് സ്റ്റാൻഡേർഡ് ചെയ്യുന്നതിലൂടെയും രാജ്യവ്യാപകമായി നിയുക്ത റഫറൻസ് ലബോറട്ടറികൾ തിരിച്ചറിയുന്നതിലൂടെയും ആദ്യകാല ആരോഗ്യ സങ്കീർണതകൾ തടയാൻ സാധിക്കുമെന്ന് മൊഹാപ് അധികൃതർ പറഞ്ഞു.
ബ്ലഡ് സ്പോട്ട് ടെസ്റ്റുകൾ, ജനിതക രോഗങ്ങളുടെ ആദ്യകാല രോഗനിർണയം, എൻഡോക്രൈൻ ഡിസോർഡേഴ്‌സ്, കേൾവി വൈകല്യങ്ങൾ, ഹൃദയ വൈകല്യങ്ങൾ, മറ്റ് ഗുരുതരമായ രോഗങ്ങൾ തിരിച്ചറിയുക തുടങ്ങിയവ സ്ക്രീനിംഗ് നടപടിക്രമങ്ങളിൽ ഉൾപ്പെടുന്നുണ്ട്.