പ്രതിപക്ഷ സ്ഥാനം പോലുമില്ലാതെ പാർലമെൻ്റിലെ ഒരറ്റത്തേക്ക് കോൺഗ്രസെന്ന പാർട്ടി ഒതുങ്ങിപ്പോയ 2014ൽ ബിജെപിയുടെ രൂക്ഷമായ പരിഹാസത്തോട് ഒരു നേതാവ് മഹാഭാരതത്തെ അനുസ്മരിച്ച് ഹൈദരാബാദി ഹിന്ദിയിൽ പറഞ്ഞതിങ്ങനെ; ‘ഞങ്ങൾ എണ്ണത്തിൽ 44 പേരേ ഉള്ളൂവെങ്കിലും ഒന്ന് മനസ്സിലാക്കുക. പാണ്ഡവർ എണ്ണത്തിൽ കുറവായിരുന്നു. എന്നാൽ, നൂറിലധികം കൗരവർ അവരെ ഭയപ്പെടുത്തിയിരുന്നില്ല.’
കർണാടകയിൽ നിന്ന് 5 വർഷം മുൻപ് മാത്രം ലോക്സഭയിലെത്തിയ മപ്പണ്ണ മല്ലികാർജുൻ ഖാർഗെ ആയിരുന്നു അത്. ഒറ്റത്തവണ മാത്രം തോൽവിയറിഞ്ഞ സ്ഥാനാർത്ഥി, മൂന്ന് തവണ കപ്പിനും ചുണ്ടിനുമിടയിൽ മുഖ്യമന്ത്രി പദം നഷ്ടമായ മന്ത്രി, അടിയുറച്ച പാർട്ടിക്കൂറ് പുലർത്തുന്ന നേതാവ്.
സീതാറാം കേസരിക്ക് ശേഷം കാൽ നൂറ്റാണ്ടിനിടെ കോൺഗ്രസ് അധ്യക്ഷ പദവിയിലേക്ക് ജയിച്ചുകയറുന്ന നെഹ്റു കുടുംബത്തിന് പുറത്തുനിന്നുള്ളയാൾ. നിയമസഭാതെരഞ്ഞെടുപ്പിലും ലോക്സഭയിലും 12 തവണ മത്സരിച്ച ഖാർഗെ പരാജയം രുചിച്ചത് ഒറ്റത്തവണ മാത്രമാണ്.
താൻ ബുദ്ധൻ്റെയും അംബേദ്കറുടെയും അനുയായിയാണെന്ന് സദാ പ്രഖ്യാപിച്ച് സംഘപരിവാറിൻ്റെ കണ്ണിലെ കരടായ ഖാർഗെയെന്ന തലമുതിർന്ന കോൺഗ്രസ് നേതാവ് ഒരു ബഹുഭാഷാ പണ്ഡിതൻ കൂടിയാണ്.
അൻപത് വർഷത്തെ രാഷ്ട്രീയ പരിജ്ഞാനവുമായി ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ അമരത്തേക്ക് ദളിതനായൊരു നേതാവ് എത്തുമ്പോൾ അത് ചരിത്രമാണ്.കോളജ് കാലത്താണ് രാഷ്ട്രീയത്തിലേക്ക് ഖാർഗെ ചുവടുവെക്കുന്നത്. കർണാടകയിലൊതുങ്ങാതെ 2009 മുതൽ ദേശീയ രാഷ്ട്രീയത്തിലേക്ക്. മൻമോഹൻ സിംഗ് മന്ത്രി സഭയിൽ ആദ്യം തൊഴിൽ മന്ത്രിയായും പിന്നെ റെയിൽവേ മന്ത്രിയായും വ്യക്തിമുദ്ര പതിപ്പിച്ചു. മത്സരിച്ചിടത്തെല്ലാം അന്നുവരെ വിജയം മാത്രം നേടിയതിനാൽ കയ്യാളി സെല്ലിലാദ സർദാര എന്ന വിളിപ്പേര് നേടി. 2019 ൽ ഗുർമിത്കൽ മണ്ഡലത്തിൽ ഉമേഷ് ജാദവിനോടായിരുന്നു തോൽവി.
2020ൽ കർണാടകയിൽ നിന്ന് രാജ്യസഭയിലെത്തി രാജ്യസഭാ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ടു. കർണാടക നിയമസഭയിൽ 36 വർഷം പ്രവർത്തിച്ചിട്ടും മുഖ്യമന്ത്രിപദം അദ്ദേഹത്തോട് അകന്നുനിന്നു. 1999ൽ എസ് എം കൃഷ്ണയ്ക്ക് വേണ്ടിയും 2004ൽ ധരംസിങ്ങിന് വേണ്ടിയും 2013ൽ സിദ്ധരാമയ്യക്ക് വേണ്ടിയും മുഖ്യമന്ത്രി സ്ഥാനം വേണ്ടെന്ന് വെച്ച ഖാർഗെ മുഖ്യമന്ത്രി പദം നഷ്ടമായതിനാൽ പാർട്ടി വിട്ടുപോകുന്നവർക്കൊരു മാതൃകയാണ്. കലാപക്കൊടി ഉയർത്താതെ, അടിയുറച്ച പാര്‍ട്ടിക്കൂറുമായി മുന്നോട്ടുപോയ ഖർഗെ എന്ന അച്ചടക്കമുള്ള നേതാവിനുള്ള അംഗീകാരം കൂടിയാണ് ഈ അധ്യക്ഷപദവി.
എൺപത് കഴിഞ്ഞ പഴയ കബഡി താരത്തിന് പാർട്ടിക്കുള്ളിലെ ഭിന്നസ്വരങ്ങളെ തളച്ച് ഐക്യമുറപ്പിക്കാനാവുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. കർണാടക, രാജസ്ഥാൻ, ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പാർട്ടിയെ നയിക്കേണ്ടതും ഖാർഗെയാണ്.
കൂടാതെ, 2024ലെ പൊതുതെരഞ്ഞെടുപ്പിൽ അട്ടിമറി വിജയമൊന്നും നേടാനായില്ലെങ്കിലും ശക്തമായ പ്രതിപക്ഷമാകാനെങ്കിലും പാർട്ടിയെ സജ്ജമാക്കണം. ബിജെപിയെന്ന ശക്തമായ എതിരാളിയോടേറ്റുമുട്ടാൻ പാകത്തിൽ പ്രതിപക്ഷ പാർട്ടികളെ കൂട്ടിപ്പിടിച്ച് ഐക്യനിര വിപുലീകരിക്കണം. സ്ഥാനമോഹം കൊണ്ട് കൊഴിഞ്ഞുപോക്ക് രൂക്ഷമായ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് ബാക്കിയുള്ളവരെ ഒന്നിച്ചുനിർത്തണം. G23 സഖ്യത്തെ അനുനയിപ്പിക്കണം. ദൗത്യങ്ങള്‍ എണ്ണിയാൽ തീരില്ല, കോൺഗ്രസിനാണെങ്കിൽ കാത്തിരിക്കാൻ സമയവുമില്ല.
ഖാർഗെ ഹൈക്കമാൻഡിൻ്റെ ചൊൽപ്പടിക്ക് നിന്ന് പാർട്ടിയെ നയിക്കുമോ അതോ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ കൊണ്ട് പാർട്ടിയെ വളർത്തുമോ എന്നൊക്കെ കണ്ടുതന്നെ അറിയണം.