രാഷ്ട്രീയ വിഭാഗീയതകൾ അവസാനിപ്പിക്കണമെന്ന് കുവൈത്ത് അമീര്‍.
രാജ്യത്തിന്‍റെ വികസനത്തിനും സുരക്ഷയ്ക്കും വേണ്ടി എല്ലാവരും ഒന്നിക്കണമെന്ന് കിരീടാലകാശിയും ഡെപ്യൂട്ടി അമീറുമായ ശൈഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ സബാഹ്. കുവൈറ്റിലെ പുതിയ പാര്‍ലമെന്‍റിന്‍റെ ആദ്യ സമ്മേളനത്തിലാണ് ആഹ്വാനം.
വികസന നേട്ടങ്ങൾ, നിക്ഷേപ വര്‍ദ്ധനവ്, അഴിമതി തുടച്ചുനീക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ ഊന്നിയാകണം രാജ്യത്തിന്‍റെ പ്രവര്‍ത്തനം. തര്‍ക്കങ്ങൾക്കൊണ്ട് പാര്‍ലമെന്‍റ് സമ്മേളനങ്ങൾ പാഴാക്കരുത്. മാനദണ്ഡങ്ങൾ ലംഘിച്ചുളള പ്രക്ഷോഭങ്ങൾ സഭയില്‍ പാടില്ലെന്നും അമീര്‍ നിര്‍ദ്ദേശിച്ചു.
ജനങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാന്‍ ബാധ്യതപ്പെട്ടവരാണ് ഓരോ അംഗങ്ങളെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. മികവുറ്റ ഭരണം കാഴ്ചവയ്ക്കാനുളള തന്ത്രങ്ങൾ ആവിഷ്കരിക്കണമെന്ന് പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അൽ സബാഹും പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ച 15 അംഗ മന്ത്രിസഭ കുവൈറ്റില്‍ അധികാരമേറ്റിരുന്നു. 2 വനിതകൾ ഉൾപ്പെടെ 11 പുതുമുഖങ്ങളാണ് പുതിയ മന്ത്രിസഭയിലുളളത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ആറ് തെരഞ്ഞെടുപ്പുകളാണ് കുവൈത്തില്‍ ഉണ്ടായത്. കഴിഞ്ഞമാസം നടന്ന തെരഞ്ഞടുപ്പിന് ശേഷം വീണ്ടും മന്ത്രിസഭയില്‍ അഴിച്ചുപണി നടത്തേണ്ടി വന്നു. രാഷ്ട്രീയ അസ്ഥിരത തുടര്‍ക്കഥയായതോടെയാണ് വിഭാഗീയതകൾ അവസാനിപ്പിക്കാനുളള ആഹ്വാനം.